ഫ്രാങ്കോഫോൺ സമൂഹങ്ങൾക്ക് ഫ്രഞ്ച് ഭാഷയിൽ ആരോഗ്യ സേവനങ്ങൾ കൂടുതൽ ലഭ്യമാക്കുന്നതിനായി കനേഡിയൻ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ 78 ദശലക്ഷം ഡോളറിലധികം ചെലവഴിക്കും. ഏഴ് സംഘടനകൾക്കും അഞ്ച് അറ്റ്ലാന്റിക് പോസ്റ്റ്-സെക്കൻഡറി പരിശീലന സ്ഥാപനങ്ങൾക്കും ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. “കാനഡയിൽ ഓരോ വ്യക്തിക്കും അവർ തിരഞ്ഞെടുക്കുന്ന ഔദ്യോഗിക ഭാഷയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കണം, അവർ എവിടെ താമസിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ. ആരോഗ്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ, ഭാഷാപരമായ തടസ്സങ്ങൾ ജീവൻ മരണ സാഹചര്യങ്ങളിലേക്ക് നയിച്ചേക്കാം,” കനേഡിയൻ ആരോഗ്യ മന്ത്രി മാർജോറി മിഷേൽ ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു.
കാനഡയിലെ ന്യൂനപക്ഷ സമൂഹങ്ങളിൽ താമസിക്കുന്ന ഫ്രാങ്കോഫോണുകളുടെയും ആംഗ്ലോഫോണുകളുടെയും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെ കനേഡിയൻ സർക്കാർ പിന്തുണയ്ക്കുന്നത് ഇതുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.
ഒഫീഷ്യൽ ലാംഗ്വേജസ് ഹെൽത്ത് പ്രോഗ്രാമിലൂടെയാണ് ഈ തുക വിവിധ പദ്ധതികൾക്കായി വിനിയോഗിക്കുന്നത്. പരിചരണം വർദ്ധിപ്പിക്കുക, ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നത് മെച്ചപ്പെടുത്തുക, ഫ്രാങ്കോഫോൺ സമൂഹങ്ങളിൽ ഇൻേ്റൺഷിപ്പ്, പ്ലേസ്മെൻ്റ് അവസരങ്ങൾ നൽകുക, ഫ്രാങ്കോഫോൺ പോസ്റ്റ്-സെക്കൻഡറി ആരോഗ്യ പ്രോഗ്രാമുകളിൽ പരിശീലനം നൽകുക തുടങ്ങിയവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു.
ന്യൂനപക്ഷ സമൂഹങ്ങളിൽപ്പെട്ട ഫ്രാങ്കോഫോണുകൾക്ക് അവർക്കിഷ്ടമുള്ള ഭാഷയിൽ ആരോഗ്യ സംരക്ഷണം ലഭിക്കേണ്ടത് എത്ര പ്രധാനമാണെന്ന്, ഒരു അറ്റ്ലാന്റിക് കനേഡിയൻ എന്ന നിലയിൽ എനിക്കറിയാം. ഈ ഫണ്ടിംഗ് കൂടുതൽ സമഗ്രവും ഫലപ്രദവുമായ പരിചരണം ലഭ്യമാക്കാൻ സഹായിക്കും. നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഔദ്യോഗിക ഭാഷകൾക്ക് പിന്തുണ ഉറപ്പാക്കാനും ഇത് ഉപകരിക്കുമെന്നാണ് മോൺക്ടൺ-ഡിയപ്പിലെ പാർലമെൻ്റ് അംഗം ജിനെറ്റ് പെറ്റിപാസ് ടെയ്ലർ പറഞ്ഞത്. തങ്ങളുടെ പങ്കാളികളുമായി ചേർന്ന് എല്ലാവർക്കും, പ്രത്യേകിച്ച് അവർ തിരഞ്ഞെടുക്കുന്ന ഔദ്യോഗിക ഭാഷയിൽ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് കനേഡിയൻ സർക്കാർ വ്യക്തമാക്കി.



