മോൺട്രിയൽ: കാനഡയിലെ അഭയാർത്ഥി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ബോർഡർ സർവീസസ് ഏജൻസി (CBSA) നാടുകടത്തൽ നടപടികൾ കർശനമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള രവി ചൗഹാനെയും അഞ്ചുവയസ്സുകാരനായ മകനെയും വരുംദിവസം നാടുകടത്താൻ ഉത്തരവിട്ടതോടെ ഒരു കുടുംബം രണ്ടായി പിളരുന്ന അവസ്ഥയിലാണ്. രവിയുടെ ഭാര്യയ്ക്ക് കാനഡയിൽ അഭയാർത്ഥി പദവി (Protected Status) ലഭിച്ചിട്ടുണ്ടെങ്കിലും, ഭർത്താവിനും മകനും പദവി ലഭിക്കാത്തതാണ് തിരിച്ചടിയായത്.
2023-ൽ ഹരിയാനയിൽ നിന്ന് ജീവഭയത്താൽ കാനഡയിലേക്ക് പലായനം ചെയ്തതാണ് ഈ കുടുംബം. 2024 സെപ്റ്റംബറിൽ ഭാര്യയ്ക്ക് അഭയാർത്ഥി പദവി ലഭിച്ചു. സാധാരണയായി ഇത്തരം കേസുകളിൽ പി.ആർ (Permanent Residency) അപേക്ഷയിൽ തീരുമാനമാകുന്നത് വരെ കുടുംബാംഗങ്ങൾക്ക് കൂടെ നിൽക്കാൻ അനുവാദം നൽകാറുള്ളതായിരുന്നു കാനഡയിലെ പതിവ്. എന്നാൽ ഈ പതിവ് തിരുത്തിക്കൊണ്ട് അതിവേഗം നാടുകടത്തൽ നടപ്പിലാക്കാനാണ് അധികൃതരുടെ നീക്കം.
തിങ്കളാഴ്ച നാടുകടത്തൽ നടപ്പിലാക്കിയാൽ, അമ്മയെ പിരിഞ്ഞ് അഞ്ചുവയസ്സുകാരന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. കാനഡയിലെ നിയമപ്രകാരം അഭയാർത്ഥി പദവി ലഭിച്ചവർക്ക് പി.ആർ ലഭിക്കുന്നത് വരെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവാദമില്ല. നിലവിൽ ക്യുബെക് പ്രവിശ്യയിൽ പി.ആർ ലഭിക്കാൻ ഏകദേശം 10 വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കുകൾ. അതായത്, ഈ കുടുംബം വേർപിരിക്കപ്പെട്ടാൽ വർഷങ്ങളോളം ഇവർക്ക് പരസ്പരം കാണാൻ പോലും സാധിക്കില്ല.
രവി ചൗഹാനെ ചതിയിലൂടെയാണ് അധികൃതർ പിടികൂടിയതെന്ന് അഭിഭാഷകർ ആരോപിക്കുന്നു. പതിവ് പരിശോധനയ്ക്കായി വിളിച്ചുവരുത്തിയ രവിയെ തടഞ്ഞുവെക്കുകയും നാടുകടത്തൽ നോട്ടീസ് നൽകുകയുമായിരുന്നു. താൻ തടങ്കലിലായപ്പോൾ മകൻ സ്കൂളിലും മറ്റും അങ്ങേയറ്റം മാനസിക വിഷമം അനുഭവിച്ചതായും രവി പറയുന്നു. നിലവിൽ 4000 ഡോളർ ജാമ്യത്തുക കെട്ടിവെച്ചാണ് രവി പുറത്തിറങ്ങിയത്.
കാനഡയിലെ മറ്റ് പല ഭാഗങ്ങളിലും സമാനമായ രീതിയിൽ കുടുംബങ്ങളെ വേർപിരിക്കുന്ന നടപടികൾ വർധിച്ചുവരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2027-ഓടെ 4000 അധികം പേരെ നാടുകടത്തുമെന്ന് CBSA നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരം കർശന നടപടികളെന്ന് കരുതപ്പെടുന്നു. ഐ.ആർ.സി.സി (IRCC) ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുടുംബങ്ങളെ വേർപിരിക്കുന്നത് ഒഴിവാക്കാൻ നയപരമായ മാറ്റം കൊണ്ടുവരണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Refugee family faces separation as father and son ordered deported from Canada



