ബാരി, മാലിന്യക്കൂമ്പാരങ്ങൾ, പൊട്ടിയ കൂടാരങ്ങൾ, ഉപയോഗശൂന്യമായ സാധനങ്ങൾ… ഒരുകാലത്ത് നൂറുകണക്കിന് ആളുകൾക്ക് താൽക്കാലിക അഭയമായിരുന്ന തെരുവോര ക്യാമ്പ് ഇപ്പോൾ ഭീകരമായ കാഴ്ചയാണ്. വേലിയടിച്ചുകെട്ടിയ ഈ സ്ഥലത്തേക്ക് ആർക്കും പ്രവേശനമില്ല. കഴിഞ്ഞ ദിവസങ്ങളിലെ പോലീസ് റെയ്ഡിനു ശേഷം ഈ പ്രദേശം ഇപ്പോൾ നിശബ്ദമാണ്. കാടിനോട് ചേർന്ന ഈ സ്ഥലം വിക്ടോറിയ സ്ട്രീറ്റ്, ജോൺ സ്ട്രീറ്റ്, ആൻ സ്ട്രീറ്റ് സൗത്ത് എന്നീ റോഡുകൾക്ക് നടുവിലാണ്.
കാനഡയിലെ ബാരിയിൽ നടന്ന ഈ സംഭവങ്ങൾ അമ്പരപ്പിക്കുന്നതാണ്. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ക്യാമ്പിൽ താമസിച്ചിരുന്ന 45 വയസ്സുള്ള വില്യം “ബ്ലേക്ക്” റോബിൻസൺ, 41 വയസ്സുള്ള ഡേവിഡ് ചീസ്ക്വേ എന്നിവരുടെ മരണത്തിന് പിന്നിൽ റോബർട്ട് ലഡോസർ എന്ന “ടാറ്റൂ റോബ്” ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഈ രണ്ടുപേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു.

അതേസമയം, പ്രതിയെ ഇവർക്ക് മുൻപരിചയമുണ്ടോയെന്ന് വ്യക്തമല്ല. ഈ കുറ്റകൃത്യങ്ങൾ നടന്നത് ബാരിയിൽ മാത്രമല്ല, ഹണ്ട്സ്വില്ലെ ഉൾപ്പെടെ സിംകോ കൗണ്ടിയിലെ പല സ്ഥലങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്. സംശയാസ്പദമായ ചില മനുഷ്യാവശിഷ്ടങ്ങൾ ഹണ്ട്സ്വില്ലെയിൽ നിന്നും കണ്ടെത്തിയിരുന്നു. ഇത് ഇപ്പോൾ ടൊറന്റോയിലെ ഫോറൻസിക് സെന്ററിൽ പരിശോധനയിലാണ്.
സംഭവം “ഭീകരം” ആണെന്ന് ബാരി മേയർ അലക്സ് നട്ടാൽ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ബാരി പോലീസ് ക്യാമ്പിൽ റെയ്ഡ് നടത്തിയതിന് ശേഷം, പ്രദേശം അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ മുനിസിപ്പാലിറ്റി അധികൃതരും പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നു. ഈ പ്രദേശം പൂർണ്ണമായി വൃത്തിയാക്കാൻ മാസങ്ങളെടുക്കും, ഇതിന് വലിയ തുക ചെലവാകുമെന്നും അധികൃതർ അറിയിച്ചു.

റോബർട്ട് ലഡോസർ ഈ മാസം ആദ്യം ആയുധങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ ലഡോസറിനെതിരെ കൊലപാതകമടക്കം പുതിയ കേസുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിനും, ആയുധങ്ങളും മയക്കുമരുന്നും കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പോലീസ് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് 26-ന് ബാരി പോലീസ് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ലഡോസറിനെതിരെ ചുമത്തിയ കുറ്റങ്ങൾ ഒന്നും തന്നെ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല.
Refugee camp now a blood-stained 'murder ground': Behind the shocking murders in Bari



