ലണ്ടൻ: ബ്രിട്ടനിൽ ജോലിക്കായി എത്തുന്ന വിദേശികൾക്ക് അനിശ്ചിതകാല താമസാനുമതി (ഇൻഡെഫനിറ്റ് ലീവ് ടു റിമെയ്ൻ – ILR) നൽകുന്നത് നിർത്തലാക്കുമെന്ന് റിഫോം യുകെ നേതാവ് നൈജൽ ഫെറാജ് പ്രഖ്യാപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ, അഞ്ചുവർഷംകൊണ്ട് കുടിയേറ്റക്കാർക്ക് പെർമനന്റ് സെറ്റിൽമെൻ്റിനുള്ള അനുമതി റദ്ദാക്കുമെന്നാണ് പ്രഖ്യാപനം. ഈ നീക്കം മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.
പുതിയ നയം ഇങ്ങനെ:
റിഫോം യുകെയുടെ പുതിയ നയമനുസരിച്ച്, അഞ്ചുവർഷത്തിനുശേഷം ബ്രിട്ടനിൽ തുടരാൻ കുടിയേറ്റക്കാരായ തൊഴിലാളികൾ വീണ്ടും വീസയ്ക്ക് അപേക്ഷ നൽകണം. പകരം അഞ്ചുവർഷത്തേക്ക് പുതുക്കാവുന്ന വർക്ക് വീസയാകും അനുവദിക്കുക. ഈ വീസയ്ക്ക് ഉയർന്ന ശമ്പള പരിധി നിശ്ചയിക്കും. രാജ്യത്തിൻ്റെ ക്ഷേമപദ്ധതികൾ ബ്രിട്ടീഷ് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ഫെറാജ് വിശദീകരിക്കുന്നു. ഇതിലൂടെ രാജ്യത്തിന് 234 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
വിദേശികൾക്ക് ക്ഷേമപദ്ധതികൾക്ക് അർഹതയില്ലെന്ന് ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുമെന്നും, ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും രാജ്യത്തേക്ക് ജോലിക്കായി പ്രവേശിപ്പിക്കില്ലെന്നും പാർട്ടി വ്യക്തമാക്കുന്നു. ബ്രിട്ടീഷ് പൗരത്വം നേടാൻ രാജ്യത്ത് താമസിക്കേണ്ട വർഷങ്ങളുടെ എണ്ണം ഏഴായി വർദ്ധിപ്പിക്കാനും റിഫോം യുകെ ലക്ഷ്യമിടുന്നു.
വസ്തുതാവിരുദ്ധമെന്ന് വിമർശനം:
അതേസമയം, നൈജൽ ഫെറാജ് പറയുന്ന കണക്കുകൾക്ക് വസ്തുതാപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്‌സ് പ്രതികരിച്ചു. കുടിയേറ്റക്കാർ ക്ഷേമപദ്ധതികൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്ന കാലയളവിലെ കുടിയേറ്റത്തെ ‘ബോറിസ് വേവ്’ എന്ന് വിശേഷിപ്പിച്ച ഫെറാജ്, അത് ജനാധിപത്യപരമായ ആഗ്രഹങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന് ആവശ്യമുള്ളത്ര വർക്ക് വീസകൾ നൽകുമെങ്കിലും, യോഗ്യതയും നിബന്ധനകളും കർശനമായി നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും തിരഞ്ഞെടുപ്പുകളിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ പിന്നിലാക്കി റിഫോം യുകെ ബ്രിട്ടനിൽ അധികാരം പിടിക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ഈ പ്രഖ്യാപനങ്ങൾ ബ്രിട്ടനിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Reform plans to scrap indefinite leave to remain for migrants



