റജൈന: കാനഡയിലെ സസ്കാച്ചവാനിൽ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് കനത്ത ശൈത്യതരംഗവും മഞ്ഞുവീഴ്ചയും വരുന്നു. തെക്കൻ സസ്കാച്ചവാനിൽ ‘അൽബർട്ട ക്ലിപ്പർ’എന്നറിയപ്പെടുന്ന അതിശക്തമായ ശീതക്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രവിശ്യയിൽ വിന്റർ സ്റ്റോം വാച്ചും ബ്ലിസാർഡ് വാണിംഗും പ്രഖ്യാപിച്ചു.
എൻവയോൺമെന്റ് കാനഡയുടെ റിപ്പോർട്ട് പ്രകാരം, ബുധനാഴ്ച രാവിലെ മുതൽ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിക്കും. ഏകദേശം 10 മുതൽ 25 സെന്റിമീറ്റർ വരെ കനത്തിൽ മഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റും മഞ്ഞുവീഴ്ചയും കാഴ്ചപരിധിപൂജ്യത്തിലേക്ക് എത്തിക്കുമെന്നും ഇത് ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
റജൈന, സാസ്‌കാറ്റൂൺ തുടങ്ങിയ പ്രധാന നഗരങ്ങളുൾപ്പെടെയുള്ള തെക്കൻ മേഖലകളിലെല്ലാം കടുത്ത ജാഗ്രത വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഞ്ഞും കാറ്റും കാരണം റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നത് അപകടകരമായേക്കാം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചു. ശനിയാഴ്ച വരെ നീണ്ടുനിന്നേക്കാവുന്ന ഈ പ്രതികൂല കാലാവസ്ഥ കിഴക്കൻ മേഖലകളായ മാനിറ്റോബയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Heavy Snowfall and Storm; Red Alert and Cautionary Warning Issued in Saskatchewan



