ഒട്ടാവ: റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) നേരിട്ടിരുന്ന കടുത്ത ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരമാകുന്നു. നിയമനത്തിനായുള്ള അപേക്ഷകരുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് സേനയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതായി ആർസിഎംപി നാഷണൽ റിക്രൂട്ട്മെന്റ് ട്രാൻസ്ഫോർമേഷൻ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ആദം പാമർ അറിയിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരസഭകളിലും ഉദ്യോഗസ്ഥരുടെ അഭാവം സുരക്ഷാ ഭീഷണിയുയർത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
2022-23 സാമ്പത്തിക വർഷത്തിൽ 9,698 അപേക്ഷകൾ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ 2024-25 കാലയളവിൽ ഇത് ഇരട്ടിയിലധികമായി വർധിച്ച് 20,839-ൽ എത്തി. നിലവിലെ സാമ്പത്തിക വർഷം ഇതുവരെ 15,453 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഈ വർഷവും അപേക്ഷകരുടെ എണ്ണം 20,000 കടക്കുമെന്നാണ് സേനയുടെ വിലയിരുത്തൽ. വിദേശ ഇടപെടലുകൾ, സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ അന്വേഷിക്കുന്ന ഫെഡറൽ വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ ആവശ്യം വർധിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം വർധിക്കുമ്പോഴും പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം റെജീനയിലെ ട്രെയിനിംഗ് അക്കാദമിയിൽ 1,037 പേർക്ക് പ്രവേശനം നൽകിയെങ്കിലും 895 പേർ മാത്രമാണ് ബിരുദം നേടിയത്. നിയമന നടപടികൾ പൂർത്തിയാക്കാൻ ഏകദേശം 400 ദിവസത്തോളം എടുക്കുന്നതാണ് പലരും അപേക്ഷ ഉപേക്ഷിക്കാൻ കാരണമെന്ന് ആദം പാമർ ചൂണ്ടിക്കാട്ടി. നിയമന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ തന്നെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് സേനയുടെ തീരുമാനം.
ബ്രിട്ടീഷ് കൊളംബിയയിലും യുക്കോണിലും നിയമന നടപടികൾ ലളിതമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതി അടുത്ത ആഴ്ച ആരംഭിക്കും. പ്രതിവർഷം 1,600 കേഡറ്റുകളെ വീതം പരിശീലിപ്പിച്ച് വിവിധ പ്രവിശ്യകളിൽ നിയോഗിക്കാനാണ് ആർസിഎംപി ലക്ഷ്യമിടുന്നത്. ഇതിനായി വർഷം തോറും 32 പേർ വീതമുള്ള 50 ട്രൂപ്പുകളെ സജ്ജമാക്കും. അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ ‘ഫൈവ് ഐസിലെ’ മറ്റ് രാജ്യങ്ങളിലെ നിയമന രീതികൾ കൂടി പഠിച്ച ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
പ്രവിശ്യകളുമായുള്ള ആർസിഎംപിയുടെ നിലവിലെ കരാറുകൾ 2032-ൽ അവസാനിക്കാനിരിക്കെ, ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നത് സംബന്ധിച്ച് കടുത്ത സമ്മർദ്ദമുണ്ട്. ഉദ്യോഗസ്ഥരുടെ കുറവ് മൂലം ആൽബർട്ട ഉൾപ്പെടെയുള്ള ചില പ്രവിശ്യകൾ സ്വന്തം പോലീസ് സേന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഫെഡറൽ പോലീസിംഗിന് കൂടുതൽ വിഭവങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നത് രാജ്യത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
RCMP recruitment crisis eases; number of applicants increases significantly



