വഡോദരയിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു വനിതാ പ്രീമിയർ ലീഗിൽ രണ്ടാം കിരീടം സ്വന്തമാക്കി. സ്കോർ ബോർഡിൽ 200 കടത്തിയിട്ടും ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ ഡൽഹി ബൗളർമാർക്ക് സാധിച്ചില്ല. ഇതോടെ കഴിഞ്ഞ മൂന്നു തവണയും കയ്യകലെ നഷ്ടമായ കിരീടം ഒരിക്കൽ കൂടി കൈവിട്ടുപോകുന്ന സങ്കടക്കാഴ്ചയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ 19.4 ഓവറിലാണ് ആർസിബി മറികടന്നത്. അർധ സെഞ്ചറികൾ നേടിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും ജോർജിയ വോളിന്റെയും തകർപ്പൻ പ്രകടനമാണ് ബെംഗളൂരു വിജയത്തിന്റെ നട്ടെല്ലായത്. 41 പന്തിൽ 87 റൺസെടുത്ത സ്മൃതിയും 54 പന്തിൽ 79 റൺസെടുത്ത ജോർജിയയും ചേർന്ന് പത്തോവറിൽ തന്നെ ടീമിനെ 100 കടത്തിയിരുന്നു. തുടക്കത്തിൽ തന്നെ ഗ്രേസ് ഹാരിസിനെ നഷ്ടമായെങ്കിലും ഈ സഖ്യം ആർസിബിയെ സുരക്ഷിതമായി മുന്നോട്ടുനയിച്ചു.
മത്സരം ഡൽഹിയിൽ നിന്ന് കൈവിട്ടുപോകുന്ന ഘട്ടത്തിൽ ജോർജിയയെ പുറത്താക്കി മലയാളി താരം മിന്നു മണി ഡൽഹിക്ക് നേരിയ പ്രതീക്ഷ നൽകിയിരുന്നു. പിന്നാലെ റിച്ച ഘോഷും സ്മൃതിയും പുറത്തായെങ്കിലും ആർസിബിയുടെ കുതിപ്പിനെ തടയാൻ അത് മതിയാകുമായിരുന്നില്ല. അവസാന ഓവറിൽ പത്ത് റൺസ് വേണമെന്നിരിക്കെ, നാലാം പന്തിൽ ശ്രീചരണിയെ ബൗണ്ടറി കടത്തി രാധാ യാദവാണ് ബെംഗളൂരുവിനെ കിരീടവിജയത്തിലേക്ക് എത്തിച്ചത്. രാധയ്ക്കൊപ്പം നദൈൻ ഡെ ക്ലാർക്കും പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അവർ 203 റൺസെടുത്തു. 37 പന്തിൽ 57 റൺസ് നേടിയ ക്യാപ്റ്റൻ ജമീമ റോഡ്രിസാണ് ഡൽഹിയെ മുന്നിൽ നിന്ന് നയിച്ചത്. ലോറ വോൾവാർട്ട് 44 റൺസും ലിസെൽ ലീ 37 റൺസും നേടി മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ 15 പന്തിൽ 35 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയ ചിനെൽ ഹെൻറിയാണ് ഡൽഹി സ്കോർ 200 കടത്തിയത്. എന്നാൽ ബാറ്റിങ്ങിലെ ഈ മികവ് പന്തുകൊണ്ട് ആവർത്തിക്കാൻ ഡൽഹിക്ക് കഴിയാതെ പോയത് അവർക്ക് തിരിച്ചടിയായി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RCB Won WPL



