ബെംഗളൂരു: തീരദേശ കർണാടകയുടെ പവിത്രമായ ദൈവ സങ്കൽപ്പങ്ങളെ പരിഹസിച്ചുവെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയിൽ വെച്ച് ‘കാന്താര’ സിനിമയിലെ ദൈവീക ഭാവങ്ങളെ ഹാസ്യാത്മകമായി അനുകരിക്കുകയും മോശം പരാമർശം നടത്തുകയും ചെയ്തുവെന്നാരോപിച്ചാണ് ഹൈഗ്രൗണ്ട്സ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
2025 നവംബർ 28-ന് ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) സമാപന ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. ചടങ്ങിൽ ‘കാന്താര’ നായകൻ ഋഷഭ് ഷെട്ടിയുടെ സാന്നിധ്യത്തിൽ സിനിമയിലെ ദൈവീക രൂപമായ ‘ചാവുണ്ടി’ ദൈവത്തെ രൺവീർ സിംഗ് ഹാസ്യാത്മകമായി അനുകരിക്കുകയായിരുന്നു. ചാവുണ്ടി ദൈവത്തെ ‘പെൺപ്രേതം’ എന്ന് വിശേഷിപ്പിക്കുകയും അത്തരം പ്രകടനങ്ങൾ ചെയ്യരുതെന്ന ഋഷഭ് ഷെട്ടിയുടെ അഭ്യർത്ഥന താരം നിരസിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
ബെംഗളൂരു സ്വദേശിയായ അഭിഭാഷകൻ പ്രശാന്ത് മെത്തലാണ് രൺവീറിനെതിരെ പരാതി നൽകിയത്. തന്റെ കുടുംബദൈവത്തെ പ്രേതം എന്ന് വിളിച്ചത് ഹൈന്ദവ വിശ്വാസങ്ങളെയും തീരദേശ കർണാടകയിലെ സാംസ്കാരിക പൈതൃകത്തെയും അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. നീതിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായ കാവൽദൈവത്തെ മനഃപൂർവം വ്രണപ്പെടുത്താനാണ് താരം ശ്രമിച്ചതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
കോടതി നിർദ്ദേശപ്രകാരമാണ് പോലീസ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ബെംഗളൂരു ഒന്നാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ ഹർജി പരിഗണിച്ചാണ് എഫ്.ഐ.ആർ എടുക്കാൻ ഉത്തരവായത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) 196, 299, 302 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ രൺവീർ സിംഗ് പിന്നീട് മാപ്പ് പറഞ്ഞിരുന്നെങ്കിലും കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഏപ്രിൽ എട്ടിന് കോടതി ഈ കേസിൽ വീണ്ടും വാദം കേൾക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Case filed against actor Ranveer Singh for mocking the divine form in 'Kanthara'


