മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതി ‘രണ്ടാമൂഴം’ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. എം.ടി. വാസുദേവൻ നായരുടെ സ്വപ്ന പദ്ധതിയെക്കുറിച്ച് മകൾ അശ്വതിയാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. ചിത്രം ഒരു ആഗോള സിനിമയായി അവതരിപ്പിക്കാനാണ് പദ്ധതിയെന്നും 2026-ൽ ആരാധകർക്ക് ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും അശ്വതി പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വർഷമായി സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണെന്നും വലിയൊരു പ്രൊഡക്ഷൻ ഹൗസും കഴിവുറ്റ ഒരു ടീമും ഇതിന് പിന്നിലുണ്ടെന്നും അശ്വതി പറഞ്ഞു. ടീം ബിൽഡിങ് പൂർത്തിയായി വരികയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് ഔദ്യോഗികമായി ലോഞ്ച് ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് ഒരു വമ്പൻ പ്രോജക്റ്റായി സിനിമ എത്തിക്കുന്നതുകൊണ്ടാണ് ലോഞ്ച് ചെയ്യാൻ സമയമെടുക്കുന്നതെന്നും അവർ കൂട്ടിചേർത്തു.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ വിടപറഞ്ഞിട്ട് ഒരു വർഷം തികഞ്ഞ ദിവസമാണ് അശ്വതി ഇക്കാര്യങ്ങൾ പറഞ്ഞത്. ജ്ഞാനപീഠം മുതൽ പത്മഭൂഷൺ വരെ നേടിയ അദ്ദേഹം സാഹിത്യത്തിന്റെ സകല മേഖലകളിലും തന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. ‘നിർമാല്യം’ ഉൾപ്പെടെയുള്ള ക്ലാസിക് സിനിമകളുടെ സംവിധായകനും നിരവധി ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുമായ എംടിയുടെ അവസാന സ്വപ്നങ്ങളിൽ ഒന്നായിരുന്നു മഹാഭാരതകഥയെ ആസ്പദമാക്കിയുള്ള ‘രണ്ടാമൂഴം’ എന്ന കഥ സിനിമയാകുന്നത്. ആ ചിത്രം യാഥാർത്ഥ്യമാകുന്നു എന്ന വാർത്ത മലയാള സിനിമയ്ക്ക് വലിയൊരു ആവേശം തന്നെയാണ് പകരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bheeman is coming, the world will see it! 'Randamuozham' will be a global movie, announcement next year; MT's daughter reveals



