പാലക്കാട്: കോമഡി താരത്തെ സ്ഥാനാർത്ഥിയാക്കിയത് എന്തിനാണെന്ന സി.പി.എം മുതിർന്ന നേതാവ് ടി.എം. തോമസ് ഐസക്കിന്റെ വിമർശനത്തിന് ചുട്ട മറുപടിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. തോമസ് ഐസക്കിനെപ്പോലെ മുതിർന്ന നേതാവിനോട് അതേ നാണയത്തിൽ മറുപടി പറയാനില്ലെന്ന് വ്യക്തമാക്കിയ പിഷാരടി, രാഷ്ട്രീയത്തിൽ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, പാരമ്പര്യമായി കിട്ടിയ ‘സംസ്കാരം’ കൂടിയുണ്ടെന്ന് തിരിച്ചടിച്ചു.
സംസ്കാരം വാങ്ങാൻ കിട്ടില്ല: “അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്, എന്നാൽ എനിക്ക് സംസ്കാരം കൂടിയുണ്ട്. അത് സമരം ചെയ്താൽ കിട്ടുന്നതല്ല,” പിഷാരടി പറഞ്ഞു. കെ.പി.എ.സി പോലുള്ള പ്രസ്ഥാനങ്ങളിലൂടെ കലാകാരന്മാരെ പൊതുരംഗത്തേക്ക് എത്തിച്ച ഇടതുപക്ഷം, എപ്പോഴാണ് കലാകാരന്മാരെ പുച്ഛിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം ചോദിച്ചു. തങ്ങളോടൊപ്പം നിൽക്കാത്തവർ എങ്ങനെയാണ് ‘വെറുക്കപ്പെട്ടവർ’ ആകുന്നത് എന്നും അദ്ദേഹം ആരാഞ്ഞു.
വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അഖിൽ മാരാരുടെ വിമർശനങ്ങൾ ശ്രദ്ധിക്കാറില്ലെന്നും, ഓരോ ആഴ്ചയും അഭിപ്രായം മാറ്റുന്നവർക്ക് മറുപടി നൽകാൻ താനില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. മുൻ എം.എൽ.എ ഷാഫി പറമ്പിൽ പാലക്കാട് നടത്തിയ വികസന പ്രവർത്തനങ്ങൾ താൻ മുന്നോട്ട് കൊണ്ടുപോകുമെന്നും പിഷാരടി ഉറപ്പുനൽകി.
പാലക്കാട് യു.ഡി.എഫ് ദുർബലമായ സ്ഥാനാർത്ഥിയെയാണ് നിർത്തിയതെന്നും രാഷ്ട്രീയം അറിയുന്നവരെയാണ് മത്സരിപ്പിക്കേണ്ടതെന്നും തോമസ് ഐസക്ക് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കോൺഗ്രസ് ഇതിന് തക്കതായ ശിക്ഷ അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ramesh Pisharody's reply to Thomas Isaac



