നേമം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. ബെംഗളൂരുവിലെ 200 കോടിയുടെ സ്വത്തുവിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവെച്ചെന്നാരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ നൽകിയ പരാതി തള്ളിയാണ് നടപടി. എന്നാൽ, ഇതൊരു ക്രിമിനൽ കുറ്റമാണെന്നും മുതിർന്ന നേതാക്കളുമായി ആലോചിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ശബരീനാഥൻ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തിഹത്യ നടത്താനാണ് അവർ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. വികസനം ചർച്ച ചെയ്യാൻ കരുത്തില്ലാത്തവരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 93.88 കോടി രൂപയുടെ ആസ്തിയും 107.39 കോടിയുടെ ബാധ്യതയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിലെ കോറമംഗലയിൽ 15.07 കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12 ഗ്രാം സ്വർണവും വജ്രവും ഉൾപ്പെടെ 3.58 കോടിയുടെ ആഭരണങ്ങൾ, 10,000 രൂപ വിലമതിക്കുന്ന 1942 മോഡൽ കാർ, പലിശ ഇനത്തിൽ ലഭിച്ച 5 ലക്ഷം രൂപ, ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83 കോടിയുടെ നിക്ഷേപം, ബാങ്കുകളിൽ 4.37 കോടിയുടെ സ്ഥിരനിക്ഷേപം, സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയ 34.96 കോടി എന്നിവയാണു രാജീവ് ചന്ദ്രശേഖറിന്റെ സ്വത്തുക്കളിൽ വരുന്നത്. കൈവശം 64,100 രൂപ മാത്രമാണുള്ളത്. ആദായനികുതി വകുപ്പിൽ സമർപ്പിച്ച റിട്ടേൺ പ്രകാരം പ്രതിവർഷ വരുമാനം 92.91 ലക്ഷം രൂപയാണ്.
ഭാര്യ അഞ്ജുവിന് 60.50 ലക്ഷം രൂപയാണു പ്രതിവർഷ വരുമാനം. 9.08 കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10 കോടിയാണ്; കൈവശം 3.40 ലക്ഷം രൂപയുമുണ്ട്. വായ്പകൾ ഉൾപ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്. കളമശേരി സ്ഫോടനത്തെത്തുടർന്നു സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയതുമായി ബന്ധപ്പെട്ട് രാജീവിനെതിരെ എറണാകുളത്തു ക്രിമിനൽ കേസുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rajeev Chandrasekhar's nomination was accepted, Sabarinathan did not leave; UDF to fight the legal battle



