ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച വരെ രാജ്യത്ത് മിതമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
നിലവിൽ അറബിക്കടലിൽ നിന്നുള്ള ന്യൂനമർദ്ദവും സൗദി അറേബ്യയ്ക്ക് മുകളിൽ രൂപപ്പെട്ട മേഘങ്ങളും യുഎഇ ലക്ഷ്യമാക്കി നീങ്ങുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിന് കാരണം. ഏപ്രിൽ 9 മുതൽ ആരംഭിച്ച ഈ പ്രതിഭാസം വരും ദിവസങ്ങളിലും തുടരും. അൽ ദഫ്ര, അൽ ഐൻ തുടങ്ങിയ മേഖലകളിൽ താരതമ്യേന കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ മിതമായ മഴയായിരിക്കും ലഭിക്കുക. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിലവിൽ ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറയാൻ കാരണമായേക്കാം. അതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Rain again in the UAE; will continue until April 13, fog is also likely



