തിരുവല്ല: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ വിധി പകർപ്പ് പുറത്തുവന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നില്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വിധിയിൽ വ്യക്തമാക്കി. പ്രതിഭാഗം ഉന്നയിച്ച എല്ലാ വാദങ്ങളും തള്ളിക്കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര ജയിലിൽ തുടരും.
പരാതിക്കാരിയുടെ മൊഴിയുടെ വിശ്വാസ്യതയും ഗൗരവവും കണക്കിലെടുത്താണ് കോടതി തീരുമാനം. പരാതിക്കാരിയുടെ മൊഴിയിൽ നേരിട്ടുള്ള ഒപ്പില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗുരുതരമായ കേസുകളിൽ ഓൺലൈൻ വഴിയുള്ള മൊഴിയും ഡിജിറ്റൽ ഒപ്പും മതിയാകുമെന്നും ഇതിൽ നടപടിക്രമങ്ങളുടെ വീഴ്ചയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ പരാതിക്കാരി നേരിട്ട് കോടതിക്ക് ഇ-മെയിൽ അയച്ചിരുന്നതായും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതി സമാനമായ കുറ്റകൃത്യങ്ങളിൽ മുൻപും ഏർപ്പെട്ടിട്ടുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇരയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടേക്കാമെന്നും കോടതി നിരീക്ഷിച്ചു.
പരാതിക്കാരിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കോടതി ഗൗരവമായാണ് കണ്ടത്. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങൾ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ബന്ധം ഇരുവരുടെയും സമ്മതത്തോടു കൂടിയുള്ളതായിരുന്നു (Consensual) എന്ന് വാദിക്കാൻ പ്രതിഭാഗം ചില ശബ്ദസന്ദേശങ്ങളും ചാറ്റുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, ഈ തെളിവുകൾ മാത്രം വെച്ച് അതൊരു ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ബലാത്സംഗം എന്ന കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ക്രൈംബ്രാഞ്ച് ഹാജരാക്കിയ മുൻ കേസുകളുടെ വിവരങ്ങളും ജാമ്യം നിഷേധിക്കുന്നതിൽ നിർണ്ണായകമായി.
മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ, ജാമ്യത്തിനായി തിങ്കളാഴ്ച ജില്ലാ കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rape case: Rahul Mangkutam's bail plea rejected; copy of court verdict released



