തിരുവനന്തപുരം: യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയുമായി രാഹുൽ നടത്തിയ വാട്‌സ്ആപ്പ്, ടെലിഗ്രാം ചാറ്റുകളും ഫോൺ സംഭാഷണവുമാണ് പുറത്തുവന്നിരിക്കുന്നത്. ഡോക്ടറെ കാണാതെ മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം നടത്താമെന്നും, അതിനുള്ള മരുന്നുണ്ടെന്നും രാഹുൽ യുവതിയോട് പറയുന്നതായി സംഭാഷണത്തിൽ വ്യക്തമാണ്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി ആശങ്കപ്പെട്ടപ്പോൾ, “ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ്” എന്നായിരുന്നു രാഹുലിന്റെ മറുപടി.
“എന്റെ തലയിലിട്ട് ഒഴിഞ്ഞുമാറുകയാണോ? ഒരുപാട് മാറ്റങ്ങൾ നിങ്ങൾക്കുണ്ടായി. പരിഹാരം നിങ്ങൾ തന്നെ പറയൂ” എന്നും യുവതി രാഹുലിനോട് ചോദിക്കുന്നുണ്ട്. “എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുള്ള കുഞ്ഞിനോടുള്ള ഇഷ്ടവും കാരണം ഞാൻ വീർപ്പുമുട്ടുകയാണ്, ഞാൻ ഒരു സ്ത്രീയാണ്” എന്ന് യുവതി പറഞ്ഞപ്പോൾ, “അപ്പോൾ നീ തന്നെ പ്രശ്നം തീർക്കൂ” എന്നായിരുന്നു രാഹുലിന്റെ മറുപടി. ഒരു മാധ്യമപ്രവർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോർജ്, ഒരു യുവരാഷ്ട്രീയ നേതാവിൽനിന്ന് മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയതോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമിട്ടത്.
അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും റിനി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുകൊണ്ടുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുൽ നടത്തിയ അശ്ലീല ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതെല്ലാം രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിയിൽ സമ്മർദം ശക്തമാകാൻ കാരണമായി, ഒടുവിൽ അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയായിരുന്നു.



