പത്തനംതിട്ട: സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിലെ വിവരങ്ങൾ പുറത്ത്. വിവാഹവാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ വെച്ചായിരുന്നു പീഡനമെന്ന് വിദേശത്ത് താമസിക്കുന്ന യുവതി വെളിപ്പെടുത്തി. തടയാൻ ശ്രമിച്ചപ്പോൾ മുഖത്തടിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
2024 ഏപ്രിൽ എട്ടിനാണ് സംഭവം നടന്നത്. റെസ്റ്റോറന്റിൽ വെച്ച് സംസാരിക്കാമെന്ന് താൻ പറഞ്ഞെങ്കിലും, സെൽഫി എടുക്കാൻ ആളുകൾ വരുമെന്നും അതിനാൽ മുറി ബുക്ക് ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഹോട്ടൽ രേഖകളിൽ സ്വന്തം പേര് നൽകാതെ രാഹുൽ ബി.ആർ എന്നാണ് അയാൾ എഴുതിയത്. മുറിയിലെത്തിയ ഉടനെ തന്നെ കീഴ്പ്പെടുത്തുകയും താൻ നിലവിളിച്ചിട്ടും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം വേഗം മുറിവിട്ടു പോയതായും യുവതി പറഞ്ഞു.
പീഡനത്തിന് ശേഷവും രാഹുൽ തന്നെ ഭീഷണിപ്പെടുത്തുന്നത് തുടർന്നുവെന്ന് യുവതി ആരോപിക്കുന്നു. വലിയ ബന്ധങ്ങളുണ്ടെന്ന് ഓർമ്മിപ്പിച്ചും സഹോദരിയുടെ വിവാഹം മുടക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയതിനാലാണ് അയാൾ അയക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകിയത്. ഇതിനിടെ ചെരുപ്പ് വാങ്ങാനായി 10,000 രൂപയും ചൂരൽമല ദുരിതാശ്വാസ ഫണ്ടിലേക്ക് 5,000 രൂപയും രാഹുലിന്റെ സുഹൃത്ത് പറഞ്ഞതനുസരിച്ച് നൽകി. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് ഭക്ഷണത്തിന് പണമില്ലെന്ന് പറഞ്ഞപ്പോൾ വീണ്ടും 10,000 രൂപ നൽകിയതായും യുവതിയുടെ പരാതിയിലുണ്ട്.
പീഡനത്തിന് ശേഷം താൻ ഗർഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോൾ ആദ്യം സ്നേഹത്തോടെ സംസാരിച്ചെങ്കിലും പിന്നീട് പൂർണ്ണമായി അവഗണിച്ചു. ഗർഭത്തിന് ഉത്തരവാദി താനല്ലെന്ന് പറഞ്ഞ് ഫോണിൽ ബ്ലോക്ക് ചെയ്തു. പീന്നീട് തന്റെ ഗർഭം അലസിപ്പോയതായും യുവതി വ്യക്തമാക്കി. സ്നേഹം നടിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങാനായി 1.14 കോടി രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
മറ്റു പല പെൺകുട്ടികളെയും രാഹുൽ സമാനമായ രീതിയിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായും യുവതി പറഞ്ഞു. നേരത്തെ പരാതി നൽകിയവർക്ക് നേരെയുണ്ടായ കടുത്ത സൈബർ ആക്രമണം ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി കൂട്ടിച്ചേർത്തു. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ ഈ കേസിൽ റിമാൻഡിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Rahul Mamkootathil allegedly assaulted a young woman in a hotel room after luring her there



