ഡബ്ലിൻ: അയർലാൻഡിൽ ഇന്ത്യൻ വംശജർക്കെതിരായ വംശീയാക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മാത്രം അര ഡസനോളം ആക്രമണങ്ങളാണ് ഇന്ത്യക്കാർക്ക് നേരെ നടന്നത്. കഴിഞ്ഞ ദിവസം കോർക്ക് കൗണ്ടിയിൽ കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയുടെ തലയ്ക്ക് 15 വയസ്സുകാരനായ കൗമാരക്കാരൻ കല്ലെറിഞ്ഞ് ഗുരുതരമായി പരിക്കേൽപ്പിച്ചതാണ് ഏറ്റവും പുതിയ സംഭവം.
കുട്ടിക്ക് തലയ്ക്ക് ആഴത്തിൽ മുറിവേറ്റെന്നും, രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും കുടുംബം അറിയിച്ചു. ഇത് വംശീയപരമായ ആക്രമണമാണെന്ന് കുടുംബം ആരോപിച്ചു. ആക്രമണം നടത്തിയ 15 വയസ്സുകാരനെ ഐറിഷ് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പോലീസ് വ്യക്തമാക്കി.
അയർലാൻഡിലെ ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന ഈ ആക്രമണങ്ങൾ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡബ്ലിനിലെ ഇന്ത്യൻ എംബസി ഒരു സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കാനും, പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ, കൂടുതൽ ജാഗ്രത പുലർത്താനും എംബസി ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചു. കൂടാതെ, ഇന്ത്യൻ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസ് ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികൾ അയർലൻഡിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.



