മാനിറ്റോബ: ലുക്കീമിയ രോഗിയായ ഷാൻഡി കുക്ക് എന്ന 25-കാരി മരിച്ച സംഭവത്തിൽ മാനിറ്റോബയിൽ നീതി തേടി കുടുംബം. വർണ്ണവിവേചനമാണ് ഷാൻഡിയുടെ മരണത്തിന് കാരണമെന്ന് വിശ്വസിക്കുന്ന കുടുംബം, നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവം നടന്ന സ്വാൻ റിവർ ഹെൽത്ത് സെന്ററിലെ നഴ്സുമാർ വർഗ്ഗം നോക്കി വിവേചനം കാണിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ സംഭവത്തിനുശേഷം ആരോഗ്യമേഖലയിലെ വംശീയത വീണ്ടും ചർച്ചയാവുകയാണ്.
ശ്വാസംമുട്ടി അവശനിലയിൽ, രക്തം ഛർദ്ദിച്ചാണ് ഷാൻഡിയെ ഒക്ടോബർ 11-ന് ആശുപത്രിയിൽ എത്തിച്ചത്. ‘ഡ്രഗ് അഡിക്റ്റ്’ ആണെന്ന് തെറ്റിദ്ധരിച്ച് നഴ്സുമാർ ഷാൻഡിയെ ശ്രദ്ധിച്ചില്ലെന്ന് സഹോദരി നാച്ചുറൽ കുക്ക് പറയുന്നു. “സഹായം വേണമെന്ന് കേണപേക്ഷിച്ചിട്ടും അവർ എൻ്റെ സഹോദരിയെ ഒഴിവാക്കി, വീട്ടിലേക്ക് പറഞ്ഞയച്ചു.” ചികിത്സ കിട്ടാതെ വീട്ടിലെത്തിയ ഷാൻഡിക്ക് രാത്രി മുഴുവൻ ചുമയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. പേടി കാരണം അവർ വീണ്ടും ആശുപത്രിയിലേക്ക് പോകാൻ തയ്യാറായില്ല. പിറ്റേന്ന് രാവിലെ അവൾ മരണപ്പെട്ടിരുന്നു.
“അവൾ ഇത്രയും കഷ്ടപ്പെട്ട് കീമോതെറാപ്പി ചെയ്തത് അഞ്ചു വയസ്സുള്ള മകന് വേണ്ടിയായിരുന്നു,” നാച്ചുറൽ പറയുന്നു. ഷാൻഡിക്ക് സംഭവിച്ചത് തങ്ങളുടെ സമുദായത്തിൽ പുതിയ കാര്യമല്ല. വംശീയ വിവേചനം ഭയന്ന് പലരും ഈ ആശുപത്രി ഒഴിവാക്കി ദൂരെയുള്ള സ്ഥലങ്ങളിൽ പോയാണ് ചികിത്സ തേടുന്നത്. മാപ്പപേക്ഷയും, എന്തുകൊണ്ടാണ് ചികിത്സ നിഷേധിച്ചത് എന്നതിൻ്റെ കൃത്യമായ മറുപടിയും കിട്ടണം എന്ന ആവശ്യവുമായി ഷാൻഡിയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുകയാണ്. സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Doctors ruled out surgery despite vomiting blood! 'Racism' behind 25-year-old's death



