ഒട്ടാവ: ഖത്തർ പൗരന്മാർക്ക് കാനഡയിലേക്ക് യാത്ര ചെയ്യാൻ ഇനി വിസ ആവശ്യമില്ല. യാത്രാനിയന്ത്രണങ്ങളിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ചുകൊണ്ട് കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. 2025 നവംബർ 25 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റത്തോടെ, ഖത്തർ പൗരന്മാർക്ക് വിസയില്ലാതെ കാനഡയിൽ പ്രവേശിക്കാം.
ഇനി മുതൽ ഖത്തർ പൗരന്മാർക്ക് കാനഡയിലേക്ക് പ്രവേശിക്കാൻ വിസയ്ക്ക് പകരം ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA) മാത്രം മതിയാകും. നേരത്തെ വിസ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടിയിരുന്നു. eTA-യുടെ അപേക്ഷകൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാവുകയും ഉടൻ തന്നെ അംഗീകാരം ലഭിക്കുകയും ചെയ്യും. eTA-ക്ക് 7 കനേഡിയൻ ഡോളർ (ഏകദേശം 18 ഖത്തരി റിയാൽ) മാത്രമാണ് ചെലവ്. ഇത് പാസ്പോർട്ടുമായി ബന്ധിപ്പിച്ചിരിക്കുന്നു. eTA-ക്ക് 5 വർഷം വരെ കാലാവധിയുണ്ടാകും, അല്ലെങ്കിൽ പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാം.
eTA എങ്ങനെ നേടാം?
വിസ രഹിത യാത്രാ യോഗ്യത നേടിയ ഖത്തർ പൗരന്മാർ കാനഡയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് eTA എടുത്തിരിക്കണം. ഇതിനായുള്ള അപേക്ഷാ പ്രക്രിയ ലളിതമാണ്. സാധുവായ പാസ്‌പോർട്ട്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇമെയിൽ വിലാസം എന്നിവ തയ്യാറാക്കുക. eTA ഫോം ഓൺലൈനായി പൂരിപ്പിച്ച് സമർപ്പിക്കുക. അതിന് ശേഷം 7 ഡോളർ അപേക്ഷാ ഫീസ് അടയ്ക്കുക. ഇതോടെ eTA അപേക്ഷ പൂർത്തിയാകും. നിലവിൽ കാനഡയുടെ സാധുവായ ടെമ്പററി റെസിഡൻ്റ് വിസ (TRV) ഉള്ള ഖത്തർ പൗരന്മാർക്ക് അതിൻ്റെ കാലാവധി തീരുന്നത് വരെ അത് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Qatari citizens can now travel to Canada visa-free



