ദോഹ: മേഖലയെ നടുക്കി ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് തിരിച്ചടി നൽകി ഖത്തർ. ഖത്തർ വ്യോമാതിർത്തി ലംഘിച്ച ഇറാന്റെ രണ്ട് സുഖോയ് (Su-24) ബോംബർ വിമാനങ്ങൾ ഖത്തർ അമീരി എയർഫോഴ്സ് വെടിവെച്ചിട്ടു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ തങ്ങളുടെ ഉന്നത നേതൃത്വം കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആരംഭിച്ച തിരിച്ചടിക്കിടെയാണ് ഖത്തറിന്റെ ഈ നിർണ്ണായക നീക്കം. ആദ്യമായാണ് ഒരു ഗൾഫ് രാജ്യം ഇറാന്റെ യുദ്ധവിമാനങ്ങളെ നേരിട്ട് ആക്രമിക്കുന്നത്. ഇറാൻ ആക്രമണങ്ങളിൽ ഇതുവരെ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണം രൂക്ഷമായതോടെ ലോകത്തെ പ്രമുഖ ദ്രാവക പ്രകൃതിവാതക (LNG) കയറ്റുമതിക്കാരായ ഖത്തർ എനർജി തങ്ങളുടെ രണ്ട് പ്ലാന്റുകളിലെ ഉൽപ്പാദനം നിർത്തിവെച്ചു. ഡ്രോൺ ആക്രമണത്തെത്തുടർന്നാണ് മുൻകരുതൽ നടപടി. ഇതോടെ യൂറോപ്യൻ വിപണിയിൽ പ്രകൃതിവാതക വില 50 ശതമാനത്തിലധികം വർദ്ധിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലും ഒൻപത് ശതമാനത്തിന്റെ വർദ്ധനവുണ്ടായിട്ടുണ്ട്. മേഖലയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ഡ്രോൺ-മിസൈൽ വർഷം തുടരുന്നത്.
സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും പ്രകോപനമുണ്ടായാൽ ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ നേരിട്ട് ആക്രമിക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. സൗദി സൈന്യം നിലവിൽ ‘ഫുൾ അലർട്ട്’ പ്രഖ്യാപിച്ചിരിക്കുകയാണ്. അബുദാബിയിലെ മുസഫയിലുള്ള ഇന്ധന ടാങ്ക് ടെർമിനലിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. എന്നാൽ ഇവിടെ തീപിടുത്തം ഉണ്ടായതൊഴിച്ചാൽ മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈറ്റിലും ബഹ്റൈനിലും ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബഹ്റൈനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ തീപിടുത്തത്തിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടു. കുവൈറ്റിൽ 19 പേർക്ക് പരിക്കേറ്റതായാണ് വിവരം. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളോട് തങ്ങൾക്ക് ശത്രുതയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെടുമ്പോഴും മേഖലയിലെ സുരക്ഷിതത്വം വലിയ ചോദ്യചിഹ്നമായി തുടരുകയാണ്. വിനോദസഞ്ചാരികളും പ്രവാസികളും ഉൾപ്പെടെയുള്ളവർ നിലവിൽ ആശങ്കയിലാണ്.
Qatar joins US to fight Iran, downs jets and drones
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



