എഡ്മന്റൺ: കാനഡയിലെ സൗത്ത് ഏഷ്യൻ ബിസിനസ് ഗ്രൂപ്പുകളെയും വീട് നിർമ്മാതാക്കളെയും കേന്ദ്രീകരിച്ച് നടന്ന വൻ കൊള്ളയടി, തീവെപ്പ് കേസുകളിൽ 22-കാരനായ ഇന്ത്യൻ വംശജൻ പർവീന്ദർ സിംഗിന് കാനഡ കോടതി ഏഴര വർഷം തടവ് ശിക്ഷ വിധിച്ചു. എഡ്മന്റൺ പോലീസ് നടത്തിയ ‘പ്രൊജക്റ്റ് ഗ്യാസ്‌ലൈറ്റ്’ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ശിക്ഷാവിധി.
എഡ്മന്റണിലെ പ്രമുഖരായ സൗത്ത് ഏഷ്യൻ വ്യവസായികളെയും വീട് നിർമ്മാതാക്കളെയും ലക്ഷ്യമിട്ട് നടന്ന സംഘടിത കുറ്റകൃത്യങ്ങളിൽ പർവീന്ദർ സിംഗ് പ്രധാന പങ്കുവഹിച്ചതായി കോടതി കണ്ടെത്തി. 2023 ഒക്ടോബർ 11-ന് ഒരു വീടിന് നേരെ ഒൻപത് തവണ വെടിയുതിർത്തതായും, തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയതായും പർവീന്ദർ സമ്മതിച്ചു. ലക്ഷക്കണക്കിന് ഡോളർ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നു ഈ കുറ്റകൃത്യങ്ങളുടെ പ്രധാന ലക്ഷ്യം. പർവീന്ദറിനെ കൂടാതെ ഏഴുപേർ കൂടി ഈ കേസിൽ കുടുങ്ങിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും ഇരുപത് വയസ്സിനോടടുത്ത യുവാക്കളാണ്.
ദുബായിൽ നിന്നാണ് ഈ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായി ജയിലിൽ കിടക്കുമ്പോഴും ഫോൺ വഴി പർവീന്ദർ സംഘാംഗങ്ങളുമായി ബന്ധപ്പെടുകയും കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പർവീന്ദർ സിംഗിനെ കാനഡയിൽ നിന്ന് നാടുകടത്താൻ സാധ്യതയുണ്ട്. 2018-ൽ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് പർവീന്ദറിന്റെ കുടുംബം. പർവീന്ദറിന്റെ കുറ്റകൃത്യങ്ങൾ കാരണം ഇവരുടെ മുഴുവൻ കുടുംബത്തെയും നാടുകടത്താനുള്ള നിയമസാധ്യതകൾ പരിശോധിച്ചുവരികയാണെന്ന് പ്രതിഭാഗം വക്കീൽ കോടതിയെ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Punjabi man gets 7.5-year jail term for extortion in Canada



