കനേഡിയൻ രാഷ്ട്രീയത്തിലെ വലതുപക്ഷത്തിന്റെ ശക്തമായ ശബ്ദമായിരുന്ന പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (പിപിസി) 2025-ലെ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന തിരിച്ചടി നേരിട്ടിരുന്നു. ദേശീയതലത്തിൽ വെറും 0.7 ശതമാനം വോട്ടുകൾ മാത്രം നേടി പാർട്ടി ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഉണ്ടായത് . 2018-ൽ പാർട്ടി സ്ഥാപിച്ച നാൾ മുതൽ പാർലമെന്റിൽ ഒരു സീറ്റ് പോലും നേടാനാകാത്ത നേതാവ് മാക്സിം ബെർണിയർ സ്വന്തം മണ്ഡലത്തിൽ പോലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2021ലെ തിരഞ്ഞെടുപ്പിൽ കോവിഡ് ലോക്ഡൗണുകളും വാക്സിന് എതിരായ പ്രതിഷേധങ്ങളും അടിസ്ഥാനമാക്കി പീപ്പിൾസ് പാർട്ടി വലിയ പിന്തുണ നേടി. ആ സമയത്ത് അവർക്ക് അഞ്ചു ശതമാനം വോട്ടുണ്ടായിരുന്നെങ്കിലും, ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ആ വിഷയങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടതോടെ പിന്തുണ കുറഞ്ഞു. അതിന്റെ ഫലമായി പലവട്ടം പിപിസിയെ പിന്തുണച്ചവർ തിരിച്ചുപോയത് കൺസർവേറ്റീവ് പാർട്ടിയിലേക്കാണ്.
രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്, പ്രതിസന്ധികളിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്ന ജനകീയവാദ തന്ത്രങ്ങളെ അമിതമായി ആശ്രയിച്ചതും, കനേഡിയൻ രാഷ്ട്രീയത്തിൽ ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ തമ്മിലുള്ള ഇരട്ട മത്സരമായി മാറിയതുമാണ് പിപിസിയുടെ വോട്ട് ശതമാനം കുത്തനെ ഇടിയാൻ കാരണമെന്നാണ്.
എന്നാൽ പാർട്ടിയുടെ കൂട്ടത്തോടെയുള്ള കുടിയേറ്റ വിരുദ്ധ,സർക്കാർ നിയന്ത്രണ വിരുദ്ധമായാനിലപാടുകൾ ഇന്നും പ്രസക്തമാണെന്ന് ബെർണിയർ ഉറച്ചു വിശ്വസിക്കുന്നു. യുകെയിലെ റിഫോം പാർട്ടിയുമായി താരതമ്യപ്പെടുത്തി, കാലം അനുകൂലമാകുമ്പോൾ പിപിസി ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തീവ്രവലതുപക്ഷ മാധ്യമങ്ങളുമായുള്ള അടുപ്പവും രണ്ടുമുന്നണികളും സാധാരണ വോട്ടർമാരെ അകറ്റിയെന്ന വിമർശനം നിലനിൽക്കെ, നേതൃത്വ അവലോകനത്തിൽ പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടാൽ പിൻമാറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.


