പരിസ്ഥിതി നിയന്ത്രണങ്ങൾ പൊളിച്ചെഴുതുന്ന സർക്കാർ നീക്കം
നോവ സ്കോഷ്യ : നോവ സ്കോഷ്യ സർക്കാർ ‘Bill-6‘ പാസാക്കിക്കൊണ്ട് യുറേനിയം ഖനനത്തിനും ഫ്രാക്കിംഗിനുമുള്ള നിരോധനം നീക്കിയിരിക്കുകയാണ്. ഈ തീരുമാനം പൊതുജനങ്ങളിൽ നിന്നും തദ്ദേശീയ നേതാക്കളിൽ നിന്നും കടുത്ത എതിർപ്പുകൾ നേരിടുന്നുണ്ട്. സാമ്പത്തിക സ്വയംപര്യാപ്തതക്ക് വേണ്ടിയുള്ള ഒരു നീക്കമായാണ് സർക്കാർ ഇതിനെ അവതരിപ്പിക്കുന്നതെങ്കിലും, പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹിക ആശങ്കകളും ഇത് സംബന്ധിച്ച് വ്യാപകമായ ചർച്ചകൾക്ക് കാരണമായിരിക്കുന്നു.
നോവ സ്കോഷ്യയുടെ പ്രീമിയർ ടിം ഹൂസ്റ്റൺ പറയുന്നതനുസരിച്ച്, അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതക്ക് വിഭവ വികസനം അത്യാവശ്യമാണെന്നാണ് . സർക്കാരിന്റെ കാഴ്ചപ്പാടിൽ, ഈ നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കും.
ഊർജ്ജ മന്ത്രി ട്രെവർ ബൗഡ്രോയുടെ അഭിപ്രായത്തിൽ, സർക്കാർ ആധുനിക മികച്ച പ്രവർത്തനരീതികൾക്ക് അനുസൃതമായി നിയന്ത്രണങ്ങൾ പരിഷ്കരിക്കുകയാണെന്നും . “വിഭവങ്ങളുടെ വികസനത്തിനുള്ള നിയന്ത്രണങ്ങൾ കാലഹരണപ്പെട്ടതാണ്, അവ നവീകരിക്കേണ്ടതുണ്ട്” എന്നുമാണ് അദ്ദേഹത്തിന്റെ വാദം.
ഫ്രാക്കിംഗ് പദ്ധതികളും യുറേനിയം ഖനനവും കർശനമായ പാരിസ്ഥിതിക സുരക്ഷാ അവലോകനങ്ങൾ പാസാകുന്നില്ലെങ്കിൽ മുന്നോട്ട് പോകില്ലെന്ന് ഹൂസ്റ്റൺ ഉറപ്പ് നൽകി. “ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ പരമപ്രധാനമായ പരിഗണനയാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും, സർക്കാർ അതിന്റെ വാഗ്ദാനങ്ങൾ പാലിക്കുമെന്ന് ഉറപ്പില്ലെന്ന് വിമർശകർ പറയുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾ പലപ്പോഴും പാരിസ്ഥിതിക കാരണങ്ങളെക്കാൾ മുൻഗണന നൽകപ്പെടാറുണ്ട്, പ്രത്യേകിച്ച് സാമ്പത്തിക സമ്മർദ്ദങ്ങളുള്ള കാലഘട്ടങ്ങളിൽ.



