2035 ആകുമ്പോഴേക്കും ആൽബെർട്ടയിലെ ടൂറിസം മേഖല 25 ബില്യൺ ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് വളർത്തണമെന്ന ലക്ഷ്യത്താടെ പ്രവിശ്യാ സർക്കാർ. കാൽഗറി ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഫയർസൈഡ് ചാറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്‌പോർട്‌സ് മന്ത്രി ആൻഡ്രൂ ബോയ്‌ചെങ്കോയും, ടൂറിസം മന്ത്രി
ജോസഫ് ഷോയും. ഈ കുതിപ്പിന് കായിക മത്സരങ്ങൾ നിർണായകമാവുമെന്ന് അവർ വ്യക്തമാക്കി. ഒളിമ്പിക് ഓവൽ പോലുള്ള പ്രധാന ടൂറിസം സൗകര്യങ്ങൾ പുതുക്കേണ്ടതിന്റെ ആവശ്യകതയും കാൽഗറിയിൽ പുതിയ ഫുട്ബോൾ ഫീൽഡിന്റെ ആവശ്യകതയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും പദ്ധതി നടപ്പിലാക്കുന്നതിനായുള്ള സമയത്തിൽ ഇവർ വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, പ്രവിശ്യ, ഫെഡറൽ, മുനിസിപ്പൽ തലങ്ങളിലായി മൂന്ന് സർക്കാരുകളും ഇതിന് പ്രതിജ്ഞാബദ്ധമാണെന്ന് അവർ വ്യക്തമാക്കി.
അന്താരാഷ്ട്ര കായികമത്സരങ്ങളുടെ ആകർഷണത്തിൽ ആശയക്കുഴപ്പമില്ലെങ്കിലും, ആവശ്യമില്ലാത്ത ചെലവുകൾ ഒഴിവാക്കി ബുദ്ധിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത മന്ത്രി ജോസഫ് ഷോ എടുത്തുപറഞ്ഞു. 2026ലെ വിന്റർ ഒളിമ്പിക്‌സ് കാൽഗറിയുടെ നഷ്ടപ്പെട്ട “വലിയ അവസരമായി” അദ്ദേഹം വിശേഷിപ്പിച്ചു. എങ്കിലും 2040 ഒളിമ്പിക്‌സിലേക്ക് കാൽഗറി ഉദ്ദേശിച്ച നിലയിൽ തന്നെ മുന്നോട്ട് നീങ്ങുമെന്ന് അദ്ദേഹം സൂചന നൽകി.
നഗരത്തിന്റെ ടൂറിസം മേഖല നൽകിയ അപൂർവ സംഭാവനകളെ അംഗീകരിച്ച് മുൻ ടൂറിസം കാൽഗറി സിഇഒ സിൻഡി ആഡിക്ക് കിംഗ്സ് കോറൊണേഷൻ മെഡൽ മന്ത്രി ജോസഫ് ഷോ സമ്മാനിച്ചു.



