ഫിലിം കോൺക്ലേവിൻ്റെ സമാപന ചടങ്ങിൽ വെച്ച് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പട്ടികജാതി വിഭാഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അടൂരിൻ്റെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.
പട്ടികജാതി വിഭാഗത്തിൽ നിന്ന് സിനിമയെടുക്കാൻ വരുന്നവർക്ക് പരിശീലനം നൽകണമെന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ചലച്ചിത്ര കോർപ്പറേഷൻ വെറുതെ പണം നൽകരുതെന്നും ഒന്നര കോടി നൽകിയത് വളരെ കൂടുതലാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീപക്ഷ വിഷയം ചർച്ച ചെയ്യാൻ ലക്ഷ്യമിട്ട കോൺക്ലേവിലാണ് അടൂർ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമർശം.
കെ ആർ നാരായണ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നത് വൃത്തികെട്ട സമരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. അച്ചടക്കം കൊണ്ടുവരാൻ ശ്രമിച്ചതിനാണ് സമരം നടന്നത്. ഇന്ത്യയിലെ ഒന്നാം നമ്പർ സ്ഥാപനമായി മാറുന്നതിനിടെയായിരുന്നു സമരം. തങ്ങൾ ചുമതലയേൽക്കുന്നത് ഇൻസ്റ്റിറ്റ്യൂട്ട് നശിച്ചുകിടന്ന സമയത്താണ്. ആ സ്ഥാപനത്തെ ഇപ്പോൾ ഒന്നും അല്ലാതാക്കി. ടെലിവിഷൻ മേഖല നശിച്ച അവസ്ഥയിലാണ്. കൊള്ളാവുന്ന ഒരു പരിപാടി പോലുമില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ വിമർശിച്ചു. വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അടക്കം ഇരിക്കെയാണ് അടൂർ ഗോപാലകൃഷ്ണന്റെ വിമർശനം. ചാലയിലെ തൊഴിലാളികളെയും ഐഎഫ്എഫ്കെയ്ക്ക് എത്തുന്നവരെയും അടൂർ പ്രസംഗത്തിൽ അധിക്ഷേപിച്ചു.
അടൂർ ഗോപാലകൃഷ്ണന്റെ പ്രസംഗത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് വേദിയിലും സദസിൽ നിന്നും ഉയർന്നത്. സംവിധായകൻ ഡോക്ടർ ബിജുവിനെ ചൂണ്ടിക്കാണിച്ച് സദസിലുള്ളവർ മറുപടി നൽകി. ഗായിക പുഷ്പലത അടൂരിനെ പ്രസംഗത്തിനിടെ പരാമർശത്തെ ചോദ്യം ചെയ്തു. സിനിമയെടുത്താണ് പഠിക്കുന്നതെന്നാണ് പുഷ്പലത പറഞ്ഞത്. പിന്നാലെ പ്രസംഗിക്കാൻ വന്ന ശ്രീകുമാരൻ തമ്പി അടൂരിന് മറുപടി നൽകുന്നുണ്ട്. താൻ സിനിമ പഠിച്ചത് സിനിമയെടുത്താണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
എന്നാൽ വിവാദ പരാമർശമാവർത്തിച്ച് അടൂർ ഗോപാലകൃഷ്ണൻ വീണ്ടും രംഗത്തെത്തി. സിനിമയെടുക്കുന്നവർക്ക് അക്ഷരജ്ഞാനം വേണം. സിനിമയുമായി ബന്ധമില്ലാത്ത ആളാണ് പുഷ്പവതി. അതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നായിരുന്നു അടൂർ പറഞ്ഞത്. ഫണ്ടിങ് ഉപയോഗിച്ച് സിനിമ എടുക്കുന്ന മുൻപരിചയമില്ലാത്തവർക്ക് ട്രെയിനിങ് കൊടുക്കണമെന്നും അടൂർ ഗോപാലകൃഷ്ണൻ ആവർത്തിച്ചു.
‘ഞാൻ വരത്തനൊന്നുമല്ലെന്നും 60 വർഷമായി സിനിമയിൽ ജോലി ചെയ്യുന്ന ആളാണെന്നും അടൂർ പറഞ്ഞു. തന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കാൻ പുഷ്പവതി ആരാണ്. പബ്ലിസിറ്റിയാണ് ഉദ്ദേശം. ഫിലിം കോൺക്ലേവിൽ വരാൻ അവർക്ക് യാതൊരു അവകാശവുമില്ല. വഴിയെ പോകുന്ന എല്ലാ സ്ത്രീകൾക്കും അഭിപ്രായം പറയാനുള്ള സ്ഥലമാണോ കോൺക്ലേവ്. സിനിമയുമായി ബന്ധപ്പെട്ട ആളുകൾ അവരുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന ഇടമാണ്. മറിച്ച് ചന്തയല്ല,” അടൂർ പറഞ്ഞു.
Protests Erupt Against Adoor Gopalakrishnan Over Controversial Remarks Against Scheduled Castes and Women



