ഒട്ടാവ : ലബനനിലെ ഇസ്രായേൽ ആക്രമണങ്ങളിലും ഇറാനിലെ യുദ്ധസാഹചര്യത്തിലും പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ടാണ് ഒട്ടാവയിലെ അമേരിക്കൻ എംബസിക്ക് മുന്നിൽ പ്രകടനം സംഘടിപ്പിച്ചത്. പലസ്തീൻ, ലബനൻ പതാകകൾ ഏന്തിയ പ്രതിഷേധക്കാർ കാനഡയും ഇസ്രായേലും തമ്മിലുള്ള ആയുധ ഇടപാടുകൾ പൂർണ്ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. പലസ്തീൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഇറാൻ സർക്കാരുമായി 14 ദിവസത്തെ വെടിനിർത്തൽ കരാറിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ‘അടിയന്തര പ്രതിഷേധം’ സംഘടിപ്പിച്ചത്.
ഇറാനുമായുള്ള വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെടുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ, കരാറിൽ ലബനൻ ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാട്. ലബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിന് നേരെയുള്ള ആക്രമണം ഇസ്രായേൽ അവസാനിപ്പിക്കാത്ത പക്ഷം ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായി. ഇതിനിടെ ബെയ്റൂട്ടിലെ വാണിജ്യ-താമസ മേഖലകളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുകയും ഒരു ദിവസം 182 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് മറുപടിയായി ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം വീണ്ടും തടയുമെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
മധ്യപൂർവേഷ്യയിലെ സംഘർഷത്തിൽ കാനഡ ഇടപെടരുതെന്ന് പ്രതിഷേധക്കാർ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി സൂചിപ്പിച്ചെങ്കിലും യുദ്ധത്തിൽ കാനഡ ഭാഗമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളിൽ തങ്ങളുടെ കുടുംബാംഗങ്ങൾ കൊല്ലപ്പെടുകയാണെന്നും ആയുധ നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത് തടയാനാകൂ എന്നും പലസ്തീൻ യൂത്ത് മൂവ്‌മെന്റ് അംഗം മുഹമ്മദ് മൻസൂർ പറഞ്ഞു.
ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എംബസിക്ക് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സമാധാനപരമായ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. ആയുധ നിരോധനം ഏർപ്പെടുത്തണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും ഇത്തരം അനീതികൾക്കെതിരെ തെരുവിലിറങ്ങാൻ തങ്ങൾ നിർബന്ധിതരാണെന്നും സംഘാടകർ വ്യക്തമാക്കി. ഒട്ടാവയിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഗാസയിലെയും ലബനനിലെയും സാഹചര്യങ്ങൾ മുൻനിർത്തി വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സംഘടനകളുടെ തീരുമാനം.
Protest in front of the US Embassy in Ottawa over ongoing military operations in Lebanon and Iran
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



