കാനഡ ആരോഗ്യമേഖലയിൽ രോഗ-വിവര ചോർച്ച ശക്തമാകുന്നു. രോഗികളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ മെഡിക്കൽ വിവരങ്ങൾ സ്വകാര്യ ക്ലിനിക്കുകൾ വിൽപനച്ചരക്കാക്കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. ടൊറന്റോയിലെ വിമൻസ് കോളേജ് ആശുപത്രിയിലെ ഡോ. ഷെറിൽ സ്പിത്തോഫിന്റെ നേതൃത്വത്തിലുള്ള സംഘം ‘ജാമ നെറ്റ്വർക്ക് ഓപ്പണി’ൽ പ്രസിദ്ധീകരിച്ച പഠനമാണ് ഈ നടുക്കുന്ന യാഥാർഥ്യം പുറത്തുകൊണ്ടുവന്നത്. ഡാറ്റയുടെ കൊടുക്കൽവാങ്ങൽ വ്യാവസായിക തലത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു, എന്ന് ഡോ. സ്പിത്തോഫ് വെളിപ്പെടുത്തി.
മൂന്നാം കക്ഷി ഡാറ്റാ ബ്രോക്കർമാർ വഴിയും, ആരോഗ്യവിവര കമ്പനികളുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കുകൾ വഴിയും രോഗിവിവരങ്ങൾ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലേക്ക് എത്തുന്നു. ഈ ക്ലിനിക്കുകൾ രോഗികളുടെ പേര് പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ നീക്കം ചെയ്താണെങ്കിലും, ലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകളിലാണ് ഇത്തരം വ്യാപാര ഇടപാടുകൾ നടക്കുന്നത്. രോഗിവിവരങ്ങൾ നമ്മുടെ കണ്മുന്നിൽ തട്ടിയെടുക്കപ്പെടുകയാണ് എന്ന് മുതിർന്ന ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു. ഈ വിവരങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന അൽഗോരിതങ്ങൾ മരുന്ന് കമ്പനികൾക്ക് നിർദ്ദിഷ്ട രോഗികളെ ലക്ഷ്യമിടാനും, ചെലവേറിയ പേറ്റന്റ് മരുന്നുകളുടെ വിൽപന വർധിപ്പിക്കാനും സഹായിക്കുന്നു.
ഇത് മെഡിക്കൽ പരിചരണത്തിന്റെ സ്വതന്ത്രതയെ ബാധിക്കുന്ന ഗുരുതര വിഷയമാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കാനഡയിലെ ആരോഗ്യമേഖലയിൽ നിയമനിർമ്മാണത്തിനുള്ള സമ്മർദ്ദം ശക്തമാകുന്നു. രോഗികളുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനെതിരെ കർശന നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ഉയരുമ്പോഴും, ഡാറ്റാ ബ്രോക്കർമാരും ഫാർമ ഭീമന്മാരും തങ്ങളുടെ ലാഭേച്ഛയ്ക്കായി ശക്തമായ ലോബിയിംഗ് നടത്തുന്നതായി സൂചനകളുണ്ട്.



