ബ്രിട്ടിഷ് രാജകുടുംബാഗമായ ഹാരി രാജകുമാരൻ കുടുംബപേര് മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട അമ്മാവനുമായി ഹാരി രാജകുമാരൻ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.അമ്മ ഡയാന രാജകുമാരിയുടെ കുടുംബപേരായ സ്പെൻസർ സ്വീകരിക്കുന്നതിനാണ് ഹാരി ആഗ്രഹിക്കുന്നത്. നിലവിൽ ഹാരിയുടെ കുടുംബ പേര് മൗണ്ട്ബാറ്റൻ-വിൻഡ്സർ ആണ്. ഹാരി കുടുംബ പേര് ഉപേക്ഷിച്ചാൽ ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക പേര് മക്കളായ ആർച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ഉപയോഗിക്കുന്നതിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. നോർത്താംപ്ടൺഷയറിലെ അൽതോർപ്പിൽ അമ്മാവനായ ഏൾ സ്പെൻസറുമായി ഹാരി ഇതിനുള്ള സാധ്യത ചർച്ച ചെയ്തു. പക്ഷേ ഇതിനായുള്ള നിയമ തടസ്സങ്ങൾ മറികടക്കാൻ കഴിയില്ലെന്നാണ് ഏൾ ഹാരിയോട് പറഞ്ഞതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എലിസബത്ത് രാജ്ഞിയുടെ ഫിലിപ്പ് രാജകുമാരന്റെയും പിൻഗാമികളാണ് മൗണ്ട്ബാറ്റൻ-വിൻഡ്സർ കുടുംബപേര് ഉപയോഗിക്കുന്നത്. രാജകുടുംബത്തിന്റെ പേരായ വിൻഡ്സറും ഡ്യൂക്ക് ഓഫ് എഡിൻബർഗിന്റെ സർനെയിമായ മൗണ്ട്ബാറ്റനും ചേർത്താണിത്. ജനന സർട്ടിഫിക്കേറ്റിൽ ആർച്ചി രാജകുമാരന്റെ ഔദ്യോഗിക പേര് ആർച്ചി ഹാരിസൺ മൗണ്ട്ബാറ്റൻ-വിൻഡ്സർ എന്നാണ്. ലിലിബെറ്റ് ഡയാന എലിസബത്ത് മൗണ്ട്ബാറ്റൻ-വിൻഡ്സർ എന്നാണ് ലിലിബെറ്റ് രാജകുമാരിയുടെ ജനന സർട്ടിഫിക്കേറ്റിലെ പേര്.



