രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) തീരുമാനിച്ചു. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്ത് വില ഉയർത്താതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഐ.ഒ.സി കൺട്രി ഹെഡ് ബി.ബി. പാത്ര വിതരണക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുമെന്നും എത്ര രൂപയാണ് വർധിപ്പിക്കുക എന്നത് സെയിൽസ് ടീം ഉടൻ അറിയിക്കുമെന്നും കത്തിൽ പറയുന്നു.
വില വർധനയ്ക്കൊപ്പം രാജ്യത്ത് പാചകവാതക വിതരണത്തിലും വലിയ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണം ഐ.ഒ.സി താൽക്കാലികമായി നിർത്തിവെച്ചു. ചെന്നൈ ഡിവിഷന് കീഴിലുള്ള വിതരണക്കാർക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഇതര മാർഗങ്ങൾ തേടേണ്ടി വരുമെന്ന് കമ്പനി അറിയിച്ചു. ഐ.ഒ.സിക്ക് പുറമെ ഭാരത് പെട്രോളിയവും എച്ച്.പിയും വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത് ബെംഗളൂരു നഗരത്തിലെ ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചു. നഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ദിവസവും 22,000 സിലിണ്ടറുകൾ ആവശ്യമുള്ളിടത്ത് പകുതി പോലും ലഭ്യമല്ലാത്ത സാഹചര്യമാണ്. സ്റ്റോക്ക് തീരുന്നതോടെ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമെന്ന് ഉടമകൾ ആശങ്കപ്പെടുന്നു. വിഷയം ചർച്ച ചെയ്യാൻ കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലും എൽ.പി.ജി ഉപയോഗം കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന 19 കിലോ, 47.5 കിലോ സിലിണ്ടറുകളുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് എൽ.പി.ജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാരെ അറിയിച്ചു. വരും ദിവസങ്ങളിൽ വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന വിവരം ഹോട്ടൽ ഉടമകളെയും വ്യവസായ സ്ഥാപനങ്ങളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Prices of petroleum products will increase; Indian Oil Corporation says ‘no solution without raising prices’


