ഒന്റാറിയോ: കുഞ്ഞുങ്ങളിലെ ഭക്ഷണ അലർജി തടയുന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്ത്. നിലക്കടല (Peanut), മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് നേരത്തെ നൽകി തുടങ്ങുന്നത് അലർജി സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് മക്മാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. അലർജി എന്നത് കേവലം ജനിതക കാരണങ്ങളാൽ മാത്രം ഉണ്ടാകുന്നതല്ലെന്നും മറിച്ച് തൊലിപ്പുറത്തെ അസുഖങ്ങൾ, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ സങ്കീർണ്ണമായ മിശ്രണമാണെന്നും പഠനം വ്യക്തമാക്കുന്നു. ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പീഡിയാട്രിക്സിലാണ് (JAMA) ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 28 ലക്ഷം കുട്ടികളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഡോ. ഡെറക് ചുവിന്റെ നേതൃത്വത്തിലുള്ള സംഘം ഈ നിഗമനത്തിലെത്തിയത്. മുൻകാലങ്ങളിൽ അലർജി പേടിച്ച് ഇത്തരം ഭക്ഷണങ്ങൾ രണ്ടു വയസ്സിനു ശേഷം നൽകാനായിരുന്നു ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഒരു വയസ്സിന് ശേഷം നിലക്കടല നൽകി തുടങ്ങുന്ന കുട്ടികളിൽ അലർജി ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിന് ആറുമാസം പ്രായമാകുമ്പോൾ മുതൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പരിചയപ്പെടുത്തുന്നത് ഭാവിയിലെ ഗുരുതരമായ അലർജി പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നാണ് പുതിയ കണ്ടെത്തൽ.
ഭക്ഷണ ക്രമത്തിന് പുറമെ മറ്റ് ചില ഘടകങ്ങളും അലർജിക്ക് കാരണമാകുന്നുണ്ട്. ആദ്യ വർഷങ്ങളിൽ എക്സിമ (Eczema) പോലുള്ള ചർമ്മരോഗങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് അലർജി വരാൻ നാലിരട്ടി സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. പ്രസവസമയത്തോ കുഞ്ഞ് ജനിച്ച് ആദ്യ മാസത്തിലോ നൽകുന്ന ആന്റിബയോട്ടിക്കുകളും അലർജി സാധ്യത വർദ്ധിപ്പിച്ചേക്കാം. അതേസമയം, അമ്മയുടെ ഭക്ഷണക്രമമോ ഗർഭകാലത്തെ മാനസിക സമ്മർദ്ദമോ കുട്ടികളിലെ അലർജിയുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഓരോ കുട്ടിയുടെയും ശാരീരിക അവസ്ഥകൾ പരിഗണിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ഈ പഠനം സഹായകമാകുമെന്ന് ഡോ. ഡെറക് ചു പറഞ്ഞു.
prevent-food-allergies-with-exposure
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



