റെജീന: ആഗോള വിപണിയിലെ തിരിച്ചടികളും വ്യാപാര നയങ്ങളിലെ അനിശ്ചിതത്വവും സസ്‌കച്ചെവാൻ പ്രവിശ്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന് പ്രീമിയർ സ്കോട്ട് മോ. മാധ്യമങ്ങളുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് പ്രീമിയർ തന്റെ വർഷാന്ത്യ നിലപാടുകൾ വ്യക്തമാക്കിയത്. വരും വർഷം ബജറ്റ് സന്തുലിതമാക്കുന്നതിന് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നൽകി.
അമേരിക്കയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വ്യാപാര നിയന്ത്രണങ്ങൾ പ്രവിശ്യയെ സാമ്പത്തികമായി ബാധിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് നിലവിലെ പല പ്രതിസന്ധികൾക്കും കാരണമെന്ന് സ്കോട്ട് മോ പറഞ്ഞു. കാനഡയിൽ നിന്നുള്ള വളത്തിന് (Potash) ട്രംപ് അധിക നികുതി ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൊട്ടാഷ് ഉൽപാദകരായ സസ്‌കച്ചെവാനെ ഇത് നേരിട്ട് ബാധിക്കും. എന്നിരുന്നാലും, തിരിച്ചടിയെന്ന നിലയിൽ അമേരിക്കയിലേക്കുള്ള പൊട്ടാഷ് കയറ്റുമതി തടയുകയോ നികുതി വർധിപ്പിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈന കനോല ഉൽപ്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതോടെ ആ മേഖലയിലെ കയറ്റുമതിയിൽ വലിയ ഇടിവ് സംഭവിച്ചു. ഇന്ത്യ മഞ്ഞപ്പയറിന് (Yellow peas) നികുതി ഏർപ്പെടുത്തിയതും തിരിച്ചടിയായി. ഈ പ്രതിസന്ധികൾ പരിഹരിക്കാൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രീമിയർ പറഞ്ഞു. 12 ദശലക്ഷം ഡോളർ മിച്ചം പ്രതീക്ഷിച്ച ബജറ്റ് നിലവിൽ 427 ദശലക്ഷം ഡോളർ കമ്മിയിലാണ് നിൽക്കുന്നത്. വരുമാനം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ ചെലവുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഭരണപരമായ കാര്യങ്ങളിൽ ജനങ്ങളുമായി കൂടുതൽ ആലോചനകൾ നടത്തി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്ന് മോ അറിയിച്ചു. മയക്കുമരുന്ന് ലഹരിക്ക് അടിപ്പെട്ടവർക്ക് നിർബന്ധിത ചികിത്സ നൽകുന്ന നിയമത്തെക്കുറിച്ച് പൊതുജനങ്ങളുമായി ചർച്ചകൾ നടത്തും. ആരോഗ്യരംഗത്ത് കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലാസ് റൂമുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
അതേസമയം, സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ പ്രതിപക്ഷ നേതാവ് കാർല ബെക്ക് രൂക്ഷമായി വിമർശിച്ചു. പ്രവിശ്യയുടെ കടം 40 ബില്യൺ ഡോളറിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ പരാജയമാണെന്നും അവർ കുറ്റപ്പെടുത്തി. ജനങ്ങൾ ദൈനംദിന ജീവിതത്തിന് ബുദ്ധിമുട്ടുമ്പോൾ സർക്കാർ കടത്തിന്റെ പലിശ അടയ്ക്കാനാണ് പണം ചിലവഴിക്കുന്നതെന്നും കാർല ബെക്ക് കൂട്ടിച്ചേർത്തു.
വേനൽക്കാലത്ത് ദെനാരെ ബീച്ചിലുണ്ടായ കാട്ടുതീ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു. ദുരന്തബാധിത പ്രദേശം സന്ദർശിക്കാൻ വൈകിയതിൽ പ്രീമിയർ നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഈ സംഭവത്തിൽ ഒരു തേർഡ് പാർട്ടി അന്വേഷണം നടത്തുമെന്ന് പ്രീമിയർ ആവർത്തിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Saskatchewan in financial crisis; Premier Scott Moe prepares for tough decisions



