ഒട്ടാവ: കാനഡയിൽ വിൽക്കപ്പെട്ട ഇരുപതിനായിരത്തോളം പവർ ബാങ്കുകൾ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ അടിയന്തരമായി തിരിച്ചുവിളിച്ചു. വാൻകൂവർ ആസ്ഥാനമായുള്ള ‘ലോജിക്സ്’ (LOGiiX) കമ്പനിയുടെ ‘പിസ്റ്റൺ പവർ 5000 മാഗ്’ (Piston Power 5000 Mag) മോഡലുകൾക്കാണ് ഹെൽത്ത് കാനഡ നിയന്ത്രണം ഏർപ്പെടുത്തിയത്.
ചൈനയിൽ നിർമ്മിച്ച ഈ പവർ ബാങ്കുകൾ ചാർജ് ചെയ്യുമ്പോഴോ മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഉപയോഗിക്കുമ്പോഴോ അമിതമായി ചൂടാകുന്നു (Overheating) എന്ന പരാതിയെത്തുടർന്നാണ് നടപടി. കാനഡയിൽ ഇതുവരെ ഇത്തരത്തിലുള്ള നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.
2022 ജനുവരി മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ വിൽക്കപ്പെട്ട കറുപ്പ്, വെള്ള, നേവി ബ്ലൂ, ലാവണ്ടർ, ബ്ലഷ് നിറങ്ങളിലുള്ള അഞ്ച് മോഡലുകളാണ് (LGX-13302, 13303, 13304, 13839, 13840) തിരിച്ചുവിളിച്ചത്. പാക്കേജിന്റെ അടിഭാഗത്തുള്ള ബാർകോഡിന് മുകളിൽ മോഡൽ നമ്പർ പരിശോധിക്കാവുന്നതാണ്.
ഈ മോഡലുകൾ കൈവശമുള്ളവർ അവയുടെ ഉപയോഗം ഉടൻ നിർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പകരം പുതിയ പവർ ബാങ്ക് ലഭിക്കുന്നതിനായി ലോജിക്സ് കമ്പനിയുമായി (1-855-412-6632) ബന്ധപ്പെടണം. ലിഥിയം അയൺ ബാറ്ററികൾ അടങ്ങിയ ഈ പവർ ബാങ്കുകൾ സാധാരണ മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിക്കരുത്. ഇവ സുരക്ഷിതമായി ഒഴിവാക്കുന്നതിന് അതത് മുനിസിപ്പാലിറ്റികളുടെ നിർദ്ദേശം തേടേണ്ടതാണ്. കാനഡയിലെ നിയമപ്രകാരം തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ മറ്റൊരാൾക്ക് നൽകുന്നതോ വിൽക്കുന്നതോ നിരോധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Power banks recalled across Canada for potential fire hazard



