ഫ്രെഡറിക് ടൺ: ന്യൂ ബ്രൺസ്വിക്കിലെ കുട്ടികളിൽ അഞ്ചിലൊന്ന് പേർ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് പുതിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹ്യൂമൻ ഡെവലപ്മെന്റ് കൗൺസിൽ (HDC) പുറത്തുവിട്ട വാർഷിക ചൈൽഡ് ആൻഡ് ഫാമിലി പോവർട്ടി റിപ്പോർട്ട് പ്രകാരം, 2023-ൽ പ്രവിശ്യയിലെ 32,140 കുട്ടികൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ഇത് ആകെ കുട്ടികളുടെ 21.9 ശതമാനമാണെന്നും മുൻവർഷത്തെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2020 മുതൽ പാർപ്പിട ചെലവിലുണ്ടായ 44 ശതമാനം വർദ്ധനയും ഭക്ഷണം, ഊർജ്ജം എന്നിവയുടെ വിലക്കയറ്റവും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചതായി പഠനം വിലയിരുത്തുന്നു.
ദാരിദ്ര്യ നിരക്ക് മേഖലകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടിലുണ്ട്. കാംബെൽട്ടണിൽ 40 ശതമാനത്തിന് മുകളിലും സെന്റ് ജോൺ, ബാതർസ്റ്റ് എന്നിവിടങ്ങളിൽ 30 ശതമാനത്തിലധികവുമാണ് നിരക്ക്. അതേസമയം ക്വിസ്പാംസിസിൽ ഇത് 7.8 ശതമാനമായി കുറവാണ്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികളിൽ നാലിൽ ഒരാൾ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
ഒറ്റയ്ക്കുള്ള രക്ഷിതാക്കൾ നയിക്കുന്ന കുടുംബങ്ങളെയാണ് ദാരിദ്ര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരം കുടുംബങ്ങളിൽ 47.8 ശതമാനം കുട്ടികൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും ഇത് ദമ്പതികളുള്ള കുടുംബങ്ങളിലെ 11.3 ശതമാനത്തേക്കാൾ വളരെ ഉയർന്നതാണെന്നും റിപ്പോർട്ട് പറയുന്നു. സിസ്റ്റമിക് തടസ്സങ്ങളും വരുമാനത്തിലെ അപര്യാപ്തതയുമാണ് ശിശുദരിദ്ര്യം തുടരുന്നതിന് കാരണമെന്ന് എച്ച്ഡിസിയിലെ സോഷ്യൽ റിസർച്ചർ ഹെതർ അച്ചേസൺ വ്യക്തമാക്കി.
ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾ ആകെ വരുമാനത്തിന്റെ 22.9 ശതമാനം കൈവശം വെക്കുമ്പോൾ താഴ്ന്ന വരുമാനക്കാർക്ക് വെറും 1.6 ശതമാനം മാത്രമാണ് ലഭിക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്യാരണ്ടീഡ് ബേസിക് ഇൻകം ഉൾപ്പെടെയുള്ള നയരൂപീകരണത്തിലൂടെയും കൃത്യമായ സഹായ പദ്ധതികളിലൂടെയും മാത്രമേ ഈ സാഹചര്യം മറികടക്കാൻ സാധിക്കൂ എന്ന് ഗവേഷകർ വിലയിരുത്തുന്നു. ഓരോ കുട്ടിക്കും സുസ്ഥിരമായ സാഹചര്യവും അവസരങ്ങളും ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Poverty is taking hold: One in five children in New Brunswick live below the poverty line, report finds



