കാനഡ പ്രതിരോധ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്താനൊരുങ്ങുന്നു. രാജ്യത്തിൻ്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി അടിയന്തരവും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിൻ്റി പറഞ്ഞു. ഓട്ടാവയിലെ കാൻസെക് പ്രതിരോധ വ്യാപാര പ്രദർശനത്തിൽ തൻ്റെ പ്രസംഗത്തിലൂടെയാണ് ഡേവിഡ് മക്ഗ്വിൻ്റി ഈ കാര്യം വ്യക്തമാക്കിയത്. ആയുധ നിർമ്മാതാക്കൾ വർധിച്ച ഫെഡറൽ സൈനിക ചെലവുകൾക്ക് തയ്യാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിബറൽ സർക്കാർ സൈനിക നിക്ഷേപങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. യൂറോപ്യൻ യൂണിയൻ 1.25 ട്രില്യൺ ഡോളറിൻ്റെ പ്രതിരോധ സംരംഭമായ “ReArm Europe” പദ്ധതിയിൽ ജൂലൈ 1-ഓടെ കാനഡയും പങ്കുചേരാൻ ലക്ഷ്യമിടുന്നു. കൂടാതെ, ആർട്ടിക് മേഖലയിൽ സ്ഥിരമായ സൈനിക സാന്നിധ്യം നിലനിർത്താനും കാനഡ ഉദ്ദേശിക്കുന്നുണ്ട്. 2030-ഓടെ പ്രതിരോധ ചെലവ് 2014-ലെ നിലവാരത്തിൽ നിന്ന് മൂന്നിരട്ടിയാക്കാൻ കാനഡ ഒരുങ്ങുകയാണ്. നാറ്റോയുടെ ജി.ഡി.പിയുടെ 2% എന്ന ചെലവ് ലക്ഷ്യം മറികടക്കാനും, ജൂണിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്ന 5% എന്ന പുതിയ ലക്ഷ്യവുമായി ചേർന്നുപോകാനും സർക്കാർ തയ്യാറാണെന്നും മക്ഗ്വിൻ്റി സൂചിപ്പിച്ചു.
സൈനിക ശേഷി നവീകരിക്കുന്നതിൽ സർക്കാരുമായി സഹകരിക്കാൻ പ്രതിരോധ കരാറുകാരോട് മക്ഗ്വിൻ്റി അഭ്യർത്ഥിക്കുകയും, സംഭരണ നടപടികളിലുണ്ടായിരുന്ന ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കാൻ മക്ഗ്വിൻ്റി തയ്യാറായില്ല.


