ന്യൂഫൗണ്ട്ലാൻഡ്: തപാൽ തൊഴിലാളി യൂണിയന്റെ വിലക്ക് മൂലം തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകൾ വിതരണം ചെയ്യാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്ഥാനാർത്ഥികൾ. തപാൽ വകുപ്പുമായിട്ടുള്ള കരാർ ചർച്ചകൾക്ക് തപാൽ വകുപ്പ് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ഈ ആഴ്ച മുതൽ ഫ്ലയറുകൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കുകയായിരുന്നു. ഇതോടെ, പതിനായിരക്കണക്കിന് ഡോളർ മുടക്കി അച്ചടിച്ച ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് നോട്ടീസുകൾ കയ്യിൽ വെച്ച് വലഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ. അടുത്ത മാസം ഒക്ടോബർ 2-ന് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പും ഒക്ടോബർ 14-ന് പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.
പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ എറിൻ ഫർലോംഗിന്റെ 8,000-ത്തിലധികം വരുന്ന നോട്ടീസുകളാണ് തപാൽ വഴി അയക്കാൻ സാധിക്കാതെ പോയത്. ഇത് തന്റെ പ്രചാരണ തന്ത്രങ്ങളെ ഏറെ ബാധിച്ചെന്ന് അവർ പറയുന്നു. തൻ്റെ എല്ലാ വോട്ടർമാർക്കും പ്രചാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനായിരുന്നു നോട്ടീസുകൾ അച്ചടിച്ചത്. എന്നാൽ ഇനി വരും ആഴ്ചകളിൽ ഓരോ വീട്ടിലും നേരിട്ട് പോയി നോട്ടീസ് നൽകുന്നത് “അസാധ്യമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. ഫ്ലയറുകൾക്കായി ആയിരക്കണക്കിന് ഡോളറാണ് മുടക്കിയത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തന്റെ സുഹൃത്തുക്കളുടെയും പിന്തുണക്കാരുടെയും സഹായം തേടുകയാണ് ഇവർ.
സമരത്തിന്റെ ഭാഗമായി പോസ്റ്റൽ ജീവനക്കാർ വിതരണം നിർത്തിയതിനെക്കുറിച്ച് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) യൂണിയൻ്റെ നേതാവായ ജിം ഗാലന്റ് പറയുന്നത്, ഇത് തപാൽ സേവനങ്ങളുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കിപ്പിക്കാൻ കൂടിയാണ് എന്നാണ്. ഈ സമരത്തിൽ സ്ഥാനാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കാനഡാ പോസ്റ്റ് നിരാശ പ്രകടിപ്പിക്കുകയും, കുടുങ്ങിക്കിടക്കുന്ന എല്ലാ നോട്ടീസുകളും വിതരണം ചെയ്യാൻ യൂണിയനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇരുപക്ഷവും തമ്മിലുള്ള കരാർ ചർച്ചകൾക്ക് പുതിയ വാഗ്ദാനങ്ങൾ നൽകുമെന്നും അടുത്തയാഴ്ച ചർച്ചകൾക്കായി എത്തുമെന്നും അവർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Postal strike: Newfoundland election campaign disrupted, candidates in crisis



