ഒട്ടാവ: പ്രശസ്ത ബ്രാൻഡായ നെസ്‌ലെ കാനഡ തങ്ങളുടെ ജനപ്രിയ ഉൽപ്പന്നമായ ‘ഗെർബർ ആരോറൂട്ട് ബിസ്ക്കറ്റുകൾ’ വിപണിയിൽ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു. ബിസ്ക്കറ്റ് പാക്കറ്റുകളിൽ പ്ലാസ്റ്റിക്, പേപ്പർ കഷണങ്ങൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി ഈ കർശന മുന്നറിയിപ്പ് നൽകിയത്. കുഞ്ഞുങ്ങൾക്കായി ഈ ബിസ്ക്കറ്റ് ഉപയോഗിക്കുന്ന മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നെസ്‌ലെ കാനഡ തന്നെ സ്വമേധയാ മുൻകൈ എടുത്തു നടത്തുന്ന ഈ നീക്കം 155 ഗ്രാം പാക്കറ്റുകളെയാണ് ബാധിക്കുന്നത്. 5231565504 (BB 2026 Nov. 18), 5232565504 (BB 2026 Nov. 19), 5233565504 (BB 2026 Nov. 20) എന്നീ ബാച്ച് കോഡുകളുള്ള ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ ഉൽപ്പന്നങ്ങളുടെ യുപിസി കോഡ് 055000403146 ആണ്. കാനഡയിലുടനീളം ഓൺലൈനായും റീട്ടെയിൽ ഷോപ്പുകൾ വഴിയും ഈ ബിസ്ക്കറ്റുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
തിരിച്ചുവിളിച്ച ബാച്ചുകളിൽപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനോ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ഫുഡ് റീകോൾ അറിയിപ്പിൽ വ്യക്തമാക്കുന്നു. നിലവിൽ ഈ ഉൽപ്പന്നം കഴിച്ചത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളോ മറ്റ് പരാതികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിങ്ങളുടെ പക്കൽ ഈ ബാച്ചിൽപ്പെട്ട ബിസ്ക്കറ്റ് പാക്കറ്റുകൾ ഉണ്ടെങ്കിൽ അവ ഉടനടി നശിപ്പിച്ചു കളയുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Popular baby snack recalled in Canada due to possible contamination



