മോൺട്രിയലിൽ ഗ്രാൻഡ് പ്രി വീക്കെൻഡ് ആരംഭിച്ചതോടെ ലൈംഗിക ചൂഷണം തടയുന്നതിനായി പോലീസ് അതീവ ജാഗ്രതയിലാണ്. മോൺട്രിയൽ പോലീസ്, പ്രൊവിൻഷ്യൽ പോലീസ്, RCMP എന്നിവരടങ്ങുന്ന ഒരു സംയുക്ത സേന മോൺട്രിയൽ ട്രൂഡോ എയർപോർട്ടിലെ അറൈവൽ ഹാളിൽ യാത്രക്കാരെ തടഞ്ഞ് നിർത്തി വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്.
ഗ്രാൻഡ് പ്രി നടക്കുന്ന ദിവസങ്ങളിൽ ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും വർധിക്കാൻ സാധ്യതയുണ്ടെന്ന് RCMP വക്താവ് മാർട്ടിന പില്ലറോവ മുന്നറിയിപ്പ് നൽകി.
ലൈംഗിക സേവനങ്ങൾ നടത്തുന്നത് ഒരു കുറ്റകൃത്യമാണെന്നും, ഭൂരിഭാഗം സ്ത്രീകളും ഇതിന് നിർബന്ധിതരാകുകയാണെന്നും പില്ലറോവ പ്രസ്താവനയിൽ പറഞ്ഞു. ലൈംഗിക സേവനങ്ങൾ നടത്തുന്നതിലൂടെ ഇത്തരം ചൂഷണ ശൃംഖലകൾക്ക് ധനസഹായം നൽകുകയാണ് ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
മോൺട്രിയൽ എയർപോർട്ട് അതോറിറ്റി വിമാനത്താവളത്തിലെ ശുചിമുറികളിൽ മനുഷ്യക്കടത്തിന്റെ ഇരകളാകാൻ സാധ്യതയുള്ളവർക്ക് വിവരങ്ങൾ നൽകുന്ന പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ ഈ ബോധവൽക്കരണ കാമ്പയിനിന്റെ Concertation de Luttes Contre l’Exploitation Sexuelle (CLES) കോർഡിനേറ്റർ ജെന്നി-ലോർ സള്ളി പോലീസിന്റെ ഈ അന്വേഷണത്തിനെ അഭിനന്ദിച്ചു. എന്നാൽ ഈ പ്രശ്നം ഗ്രാൻഡ് പ്രി വാരാന്ത്യത്തിൽ ഒതുങ്ങുന്നതല്ലെന്നും വർഷം മുഴുവൻ നിലനിൽക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.
ആഡംബര ജീവിതം വാഗ്ദാനം ചെയ്ത് ചെറുപ്പക്കാരെ ഓൺലൈനിലൂടെ ഇത്തരം ചൂഷണങ്ങളിലേക്ക് ആകർഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് മുന്നറിയിപ്പ് സൂചനകൾ പറഞ്ഞുകൊടുക്കേണ്ടത് പ്രധാനമാണെന്ന് സള്ളി ഓർമ്മിപ്പിച്ചു. ഗ്രാൻഡ് പ്രി വീക്കെൻഡിൽ കാണാതായ പെൺകുട്ടികളുടെ മാതാപിതാക്കളെ തങ്ങളുടെ സംഘടന സഹായിച്ചിട്ടുണ്ടെന്ന് സള്ളി പറയുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 1-833-900-1010 എന്ന കനേഡിയൻ ഹ്യൂമൻ ട്രാഫിക്കിംഗ് ഹോട്ട്ലൈനിൽ വിളിക്കണമെന്ന് RCMP അറിയിച്ചു. ഈ ഹോട്ട്ലൈൻ 24/7 പ്രവർത്തിക്കുകയും 200 ഭാഷകളിൽ സേവനം നൽകുകയും ചെയ്യും. എല്ലാ കോളുകളും രഹസ്യമായി സൂക്ഷിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.



