കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തിനു മുന്നിൽ യുവാക്കൾ ഒരുക്കിയ പൂക്കളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ സൈനികനും വിമുക്തഭടനും ഉൾപ്പെടെ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. പ്രദേശവാസികളായ യുവാക്കൾ വർഷങ്ങളായി ക്ഷേത്രത്തിനു പുറത്ത് പൂക്കളം ഒരുക്കാറുണ്ട്. ഇത്തവണ പൂക്കളത്തോടൊപ്പം പൂക്കൾ കൊണ്ട് കാവിക്കൊടി വരച്ച് ‘ഓപ്പറേഷൻ സിന്ദൂർ’ എന്നും എഴുതിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ക്ഷേത്ര ഭരണസമിതിയുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ചിഹ്നങ്ങളും എഴുത്തും നീക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഇത് രാഷ്ട്രീയ ചിഹ്നങ്ങളല്ലെന്ന് വാദിച്ച് യുവാക്കൾ പൊലീസിന്റെ നിർദേശം തള്ളുകയായിരുന്നു. ഇതേത്തുടർന്നാണ് കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. എഫ്.ഐ.ആറിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പരാമർശിച്ചിട്ടില്ല.
ഈ സംഭവത്തിന് മുന്നോടിയായി, പൂക്കളം ഒരുക്കുന്നത് സംഘർഷത്തിന് കാരണമാകുമെന്ന പരാതിയിൽ പൊലീസ് ചർച്ച നടത്തിയിരുന്നു. ഇടതുപക്ഷ, കോൺഗ്രസ് പ്രതിനിധികൾ ഉൾപ്പെടുന്ന ക്ഷേത്ര ഭരണസമിതിയെയും സംഘപരിവാർ പ്രവർത്തകരെയും വിളിച്ചാണ് ചർച്ച നടത്തിയത്.
പൂക്കളം ഒരുക്കുന്നതിൽ മറ്റ് ചിഹ്നങ്ങളോ അടയാളങ്ങളോ ഉപയോഗിക്കരുതെന്ന് നിർദേശം നൽകുകയും, ഇരു കൂട്ടർക്കും പൂക്കളം ഇടാനുള്ള സ്ഥലം മാർക്ക് ചെയ്ത് നൽകുകയും ചെയ്തിരുന്നു. നിർദേശങ്ങൾ ലംഘിച്ചാൽ കലാപ ശ്രമത്തിന് കേസെടുക്കുമെന്ന് അന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കി. കൂടാതെ, സമീപത്തായി ഛത്രപതി ശിവജിയുടെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതിന്റെ വിവരങ്ങളും എഫ്.ഐ.ആറിലുണ്ട്.
അതേസമയം, ക്ഷേത്ര ഭരണസമിതിയുടെ നിലപാട് ഹൈക്കോടതി നിർദേശങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവർ അറിയിച്ചു. ക്ഷേത്രത്തിനു നൂറു മീറ്റർ ചുറ്റളവിൽ ജാതി, മത, രാഷ്ട്രീയ, സാമുദായിക സംഘടനകളുടെയോ മറ്റ് പ്രസ്ഥാനങ്ങളുടെയോ കൊടിതോരണങ്ങളും ചിഹ്നങ്ങളും പേരുകളും അടയാളങ്ങളും സ്ഥാപിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള ബോർഡ് ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ടെന്നും, പൂക്കളം ഇടുന്നതിൽ തടസ്സമൊന്നും പറഞ്ഞിട്ടില്ലെന്നും ഭരണസമിതി വ്യക്തമാക്കി. ഈ വിവാദങ്ങൾ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Dispute over flower competition in Kollam; Police register case against 27 people including soldiers



