ലണ്ടൻ : ലണ്ടനിൽ വെസ്റ്റേൺ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള വസതിയിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയ സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പോലീസ്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇവർ ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നവരോ, അല്ലെങ്കിൽ മുൻ വിദ്യാർത്ഥികളോ ആണെന്നാണ് പോലീസിന്റെ നിഗമനം.
യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ‘212 ചെഷാം പ്ലേസ്’ (212 Chesham Pl.) എന്ന വീട്ടിൽ നിന്നാണ് സ്ഫോടകവസ്തുക്കളും തോക്കുകളും നിർമ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച പരിശോധനകൾക്ക് ഒടുവിലാണ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജെറി ടോംഗ് ഒട്ടാവ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. ഇയാൾക്ക് ക്യുബെക്കിലെ ഗാറ്റിനോയിലുള്ള ഒരു വീടുമായും ബന്ധമുണ്ട്.
പ്രതികളായ ജെറി ടോംഗ് (27), ഫെയ് ഹാൻ (25), സെകുൻ വാങ് (26), ഫെയ്‌യാങ് ജി (21) എന്നിവർക്കെതിരെ അതീവ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ, തോക്ക് നിർമ്മാണം, നിരോധിത ആയുധങ്ങൾ സൂക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പിടിയിലായവരിൽ ഫെയ് ഹാൻ മുൻപ് ക്വീൻസ് യൂണിവേഴ്സിറ്റിയിലെയും വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെയും റോക്കറ്റ് എഞ്ചിനീയറിംഗ് ടീമുകളിൽ അംഗമായിരുന്നു.
ലണ്ടനിലെ ജനവാസ മേഖലയിൽ നടന്ന ഈ സംഭവം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നിലവിൽ നാല് പ്രതികളും പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇവരുടെ പശ്ചാത്തലത്തെക്കുറിച്ചും ഗൂഢാലോചനയിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും അറിയാൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bomb-making plot: Police register case against four Western University students



