കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വാഹനങ്ങൾ ഹാമിൽട്ടൺ പോലീസ് കണ്ടെത്തി. എന്നാൽ ഇതുവരെയും കൊലപാതകം നടത്തിയയാളെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഏപ്രിൽ 20 ന് വടക്കുപടിഞ്ഞാറൻ ടൊറന്റോയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നിന്ന് ഒരു വെളുത്ത ഹ്യുണ്ടായ് എലാൻട്ര കണ്ടെത്തിയതായി ആക്ടിംഗ് ഡിറ്റക്ടീവ് സർജന്റ് ഡാരിൽ റീഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഫോറൻസിക് പരിശോധനകൾക്കായി കാർ ഹാമിൽട്ടണിലേക്ക് തിരികെ കൊണ്ടുപോയെന്നും അവർ വ്യക്തമാക്കി. പിടിച്ചെടുത്ത രണ്ടാമത്തെ കാർ ഒരു കറുത്ത മെഴ്‌സിഡസ് എസ്‌യുവിയാണ്. ഏപ്രിൽ 21 ന് ഹാമിൽട്ടണിലെ ഒരു വസതിയിൽ നിന്ന് ഹാമിൽട്ടൺ പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെളുത്ത ഹ്യുണ്ടായി കാറിലുണ്ടായിരുന്നവർക്കു നേരെ ഒരു കറുത്ത മെഴ്‌സിഡസ് കാറിൽ ഉണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയും ഇത് ഹർസിമ്രത് രൺധാവയ്ക്ക് ഏൽക്കുകയുമായിരുന്നു. ഈ രണ്ട് വാഹനങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കറുത്ത കാറിലെ ഒരു യാത്രക്കാരൻ വെളുത്ത സെഡാനിൽ സഞ്ചരിച്ചിരുന്നവർക്ക് നേരെ വെടിയുതിർക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വെടിയുതിർത്ത ശേഷം വാഹനങ്ങൾ സ്ഥലം വിട്ടു.സംഭവത്തിനിടെ വെടിയുണ്ടകൾ സമീപത്തെ ഒരു വീടിന്റെ ജനാലയിലും പതിച്ചതായി പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ വെടിവയ്പിനു കാരണമെന്നും അന്വേഷിക്കുന്നുണ്ട്.
ഏപ്രിൽ 17നാണ് പഞ്ചാബിൽ നിന്നുള്ള 22കാരിയായ ഹർസിമ്രത് രൺധാവ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മൊഹാക് കോളജിൽ ഫിസിയോ തെറപ്പി അസിസ്റ്റന്റ് പ്രോഗ്രാമിലെ തെറപ്പി അസിസ്റ്റന്റായിരുന്ന ഹർസിമ്രത് ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് ഹർസിമ്രത്തിനു വെടിയേറ്റത്. പോലീസ് എത്തിയപ്പോൾ, നെഞ്ചിൽ വെടിയേറ്റ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ നാല് മാസത്തിനിടെ കാനഡയിൽ മരിക്കുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ഹർസിമ്രത്.



