ടൊറന്റോ : ബാങ്ക് ജീവനക്കാരനായി നടിച്ച് ക്രെഡിറ്റ് കാർഡുകൾ കൈക്കലാക്കുകയും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുകയും ചെയ്ത 20 വയസ്സുകാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് ടൊറന്റോ പോലീസ്. മോണ്ട്രിയൽ സ്വദേശിയായ മജിദ് ബെൻമൗ (Majid Benmou) എന്ന യുവാവിനെതിരെയാണ് ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് ഫോണിലൂടെ പരിചയപ്പെടുത്തി ഇരകളെ വിശ്വസിപ്പിക്കുകയാണ് ഇയാളുടെ രീതി. ക്രെഡിറ്റ് കാർഡുകൾ സുരക്ഷിതമല്ലെന്നും (Compromised) അത് പരിശോധനയ്ക്കായി കൈമാറണമെന്നും ആവശ്യപ്പെടുന്ന ഇയാൾ, കാർഡ് വാങ്ങാൻ കൊറിയർ പ്രതിനിധിയെ അയക്കാമെന്ന് ഉറപ്പുനൽകുന്നു. തുടർന്ന് കൊറിയർ എന്ന വ്യാജേന നേരിട്ടെത്തി കാർഡുകൾ കൈക്കലാക്കിയ ശേഷം മിസിസാഗയിലെ വിവിധ ജ്വല്ലറികളിൽ നിന്ന് പതിനായിരക്കണക്കിന് ഡോളറിന്റെ സാധനങ്ങൾ വാങ്ങുന്നതാണ് പ്രതിയുടെ തട്ടിപ്പ് രീതി.
ഒക്ടോബർ ഒന്നിന് നടന്ന ആദ്യ തട്ടിപ്പിൽ 11,000 ഡോളറും, ഒക്ടോബർ മൂന്നിന് നടന്ന രണ്ടാമത്തെ തട്ടിപ്പിൽ 14,000 ഡോളറും വിലവരുന്ന ആഭരണങ്ങളാണ് ഇയാൾ വിവിധ കടകളിൽ നിന്നായി വാങ്ങിയത്. വ്യാജ കുറ്റകൃത്യത്തിലൂടെ പണം സമ്പാദിക്കൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങളുടെ നിയമവിരുദ്ധമായ ഉപയോഗം തുടങ്ങി നിരവധി കേസുകൾ നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
തടിച്ച ശരീരപ്രകൃതിയുള്ള മജിദ് ബെൻമൗവിന് കറുത്ത മുടിയും ഇരുണ്ട തവിട്ടുനിറമുള്ള കണ്ണുകളുമാണെന്ന് പോലീസ് അറിയിച്ചു. ക്യുബെക്ക് രജിസ്ട്രേഷനുള്ള “AKJ52Z” എന്ന നമ്പറിലുള്ള കറുത്ത ഡോഡ്ജ് പിക്കപ്പ് ട്രക്കിലാണ് ഇയാൾ സഞ്ചരിക്കുന്നത്. തട്ടിപ്പിനിരയായ കൂടുതൽ പേർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിൽ ടൊറന്റോ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Credit card holders beware! Police intensify search for man who defrauded Mississauga jewelry stores



