അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ്. ഐടി ആക്ട് സെക്ഷൻ 67 (എ) പ്രകാരവും നഗ്നതാ പ്രദർശന നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. എറണാകുളം സിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മെനാച്ചേരിയാണ് ശ്വേതാ മേനോനെതിരെ പരാതി നൽകിയത്. നടി അഭിനയിച്ച എല്ലാ സിനിമകളിലും അശ്ലീല രംഗങ്ങളുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സെൻസർ ചെയ്ത് പുറത്തിറങ്ങിയ രതിനിർവേദം, പലേരി മാണിക്യം തുടങ്ങിയ സിനിമകളും, ഒരു ഗർഭനിരോധന ഉറയുടെ പരസ്യവും, പ്രസവം ചിത്രീകരിച്ച കളിമണ്ണ് എന്ന സിനിമയും ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ ഒരു നീണ്ട പട്ടിക പരാതിക്കാരൻ സമർപ്പിച്ചിട്ടുണ്ട്.
നിലവിൽ സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ് ശ്വേതാ മേനോൻ. ഈ നിർണായക സമയത്ത് വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ സിനിമകളെക്കുറിച്ച് ഇപ്പോൾ ഒരു പരാതി ഉയർന്നുവന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. കേസിന്റെ കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ശ്വേതാ മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Police case against actress Shweta Menon for earning money through pornographic films



