വ്യാഴാഴ്ച കിച്ചണറിൽ നടന്ന വെടിവയ്പ്പിനെ തുടർന്ന് വാട്ടർലൂ റീജിയണൽ പോലീസ് 13 വയസ്സുകാരനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി 8:40 ഓടെ, മോണ്ടെ കാർലോ സ്ട്രീറ്റിലും വിക്ടോറിയ സ്ട്രീറ്റ് സൗത്തിലുമാണ് വെടിവെപ്പ് നടന്നത്. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി.
പോലീസിന്റെ വിശദമായ അന്വേഷണത്തിൽ, ഒരുകൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്കെത്തിയ 13 വയസ്സുകാരൻ നിരവധി തവണ അവർക്ക് നേരെ വെടിയുതുർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കുകളൊന്നും ഇല്ല. പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെയും തിരച്ചിലിന്റെയും ഭാഗമായാണ് പ്രതിയെ പിടികൂടിയത്.
ശനിയാഴ്ച ജനറൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്, എമർജൻസി റെസ്പോൺസ് ടീം, പട്രോൾ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ട്രാസ്ബർഗ് റോഡിലെയും കിംഗ്‌സ്‌വുഡ് ഡ്രൈവിലെയും വീട്ടിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്. കിച്ചണറിലെ വീട്ടിൽ നിന്നുതന്നെയാണ് 13 കാരനെ അറസ്റ്റ് ചെയ്തത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ, ജീവൻ അപായപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ തോക്ക് ഉപയോഗിക്കൽ, ഒളിപ്പിച്ച ആയുധം കൈവശം വയ്ക്കൽ, തുടങ്ങി പത്ത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി കുറ്റാരോപിതനെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി അധികൃതർ അറിയിച്ചു.



