പുതിയതായി നിയമിതനായ പോപ്പ് ലിയോ XIV-ന്റെ പ്രാരംഭ കുർബാനയിൽ പങ്കെടുക്കുന്നതിന് കാനഡയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച റോമിലേക്ക് യാത്ര ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) പ്രഖ്യാപിച്ചു. മേയ് 16 മുതൽ 19 വരെ കാർണി റോമിൽ സന്ദർശനം നടത്തുമെന്നും കത്തോലിക്കാ സഭയുടെ പാരമ്പര്യമനുസരിച്ചുള്ള പ്രാരംഭ കുർബാന മേയ് 18-ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ആരംഭിക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ ആഴ്ച രണ്ട് ദിവസം നീണ്ടു നിന്ന കോൺക്ലേവിൽ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് പരേതനായ പോപ്പ് ഫ്രാൻസിസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. “പരിശുദ്ധ പിതാവ് പോപ്പ് ലിയോ XIV അദ്ദേഹത്തിന്റെ പോപ്പ് പദവി ആരംഭിക്കുന്നതിൽ കനേഡിയൻ ജനത ആശംസകൾ നേരുന്നു എന്ന് പുതിയ പോപ്പിനെ കാർണി അഭിനന്ദിച്ചിരുന്നു. ഗൗരവമേറിയ ആഗോള വെല്ലുവിളികളുടെ ഈ സമയത്ത്, അദ്ദേഹത്തിന്റെ പൗരോഹിത്യം ജ്ഞാനം, വിവേചനശക്തി, പൊതുനന്മയോടുള്ള ആഴമേറിയ പ്രതിബദ്ധത, എല്ലാവരുടെയും മാന്യത എന്നിവയാൽ മുദ്രിതമാകട്ടെ,” എന്ന് പറഞ്ഞു.
റോമിൽ താമസിക്കുന്ന സമയത്ത് കാർണി അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വ്യാപാരം, വാണിജ്യം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു. 2013-ൽ പോപ്പ് ഫ്രാൻസിസിന്റെ പ്രാരംഭ കുർബാനയിൽ 31 രാഷ്ട്രത്തലവന്മാരുൾപ്പെടെ 132 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തിരുന്നു. അക്കാലത്ത് കനഡയുടെ പ്രധാനമന്ത്രിയായിരുന്ന സ്റ്റീഫൻ ഹാർപ്പർ അന്നത്തെ ഗവർണർ ജനറൽ ഡേവിഡ് ജോൺസ്റ്റനോട് പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു.



