ഒട്ടാവ: കാനഡയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള ഫെഡറൽ സർക്കാരിന്റെ തീരുമാനം നിയമപരമായി തുടരാമെന്ന് ഉത്തരവിട്ട് ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ. പ്ലാസ്റ്റിക് നിർമ്മിത വസ്തുക്കളെ വിഷകരമായ വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് യുക്തിസഹമാണെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ 2023-ൽ ഫെഡറൽ കോടതി ഈ നിരോധനത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളെ വിഷകരമായി പ്രഖ്യാപിക്കുന്നത് സർക്കാരിന്റെ അധികാരപരിധിക്ക് പുറത്താണെന്നായിരുന്നു അന്നത്തെ കോടതിയുടെ നിരീക്ഷണം. എന്നാൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ വിധിയിലൂടെ പഴയ ഉത്തരവ് റദ്ദാക്കപ്പെടുകയും നിരോധനം തുടരാൻ സർക്കാരിന് അനുമതി ലഭിക്കുകയും ചെയ്തു.
പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് സ്ട്രോകൾ, ഗ്രോസറി ബാഗുകൾ, സ്റ്റിർ സ്റ്റിക്കുകൾ, സിക്സ്-പാക്ക് റിംഗുകൾ ഉൾപ്പെടെയുള്ള ആറുതരം ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ഇറക്കുമതിയും നിരോധിക്കാൻ സർക്കാരിന് സാധിക്കും. ഇവ പരിസ്ഥിതിയിൽ വൻതോതിൽ മാലിന്യമുണ്ടാക്കുന്നുവെന്നും പകരം സംവിധാനങ്ങൾ നിലവിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കേണ്ടതില്ലെന്ന സർക്കാരിന്റെ നിലപാടും കോടതി ശരിവെച്ചു. ഇതോടെ കാനഡയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്ത് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Plastic ban in Canada can continue; Appeal court rules in favor of government



