യോഗ്യക്കാർത്ത: ഇന്തോനേഷ്യയിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ റഡാറിൽ നിന്ന് കാണാതായ യാത്രാ വിമാനം തകർന്നതായി റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ കാണാതായ ഇന്തോനേഷ്യ എയർ ട്രാൻസ്പോർട്ടിന്റെ എടിആർ 42-500 (ATR 42-500) വിമാനത്തിന്റെ അവശിഷ്ടങ്ങൾ സൌത്ത് സുലാവെസി പ്രവിശ്യയിലെ ബുലുസാരംഗ് പർവ്വതമേഖലയിൽ കണ്ടെത്തിയതായാണ് വിവരം. യോഗ്യാക്കാർത്തയിൽ നിന്ന് സൌത്ത് സുലാവെസിയിലേക്കുള്ള യാത്രയ്ക്കിടെ മാരോസ് ജില്ലയ്ക്ക് സമീപം വെച്ചാണ് വിമാനവുമായുള്ള ബന്ധം അവസാനമായി നഷ്ടപ്പെട്ടത്.
മറൈൻ ഫിഷറീസ് മന്ത്രാലയത്തിനായി സർവീസ് നടത്തിയ ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് ക്രൂ അംഗങ്ങളും മൂന്ന് യാത്രക്കാരും ഉൾപ്പെടെ 11 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. ഫ്ലൈറ്റ് റഡാറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 11,000 അടി ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം പെട്ടെന്ന് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
ശനിയാഴ്ച വിമാനം കാണാതായതിനെത്തുടർന്ന് ഏകദേശം 1200-ഓളം രക്ഷാപ്രവർത്തകർ പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ പർവ്വതമേഖലയിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് ഇന്തോനേഷ്യൻ വ്യോമസേനാംഗങ്ങൾ ഹെലികോപ്ടറിൽ തിരച്ചിലിനായി പുറപ്പെട്ടു. ജക്കാർത്തയിൽ നിന്ന് 1500 കിലോമീറ്റർ അകലെ കനത്ത മൂടൽമഞ്ഞുള്ള പർവ്വതപ്രദേശത്താണ് വിമാനം തകർന്നതെന്ന് കരുതപ്പെടുന്നു.
ഇറ്റലിയിലും ഫ്രാൻസിലുമായി നിർമ്മിച്ച എടിആർ വിമാനത്തിന് സാധാരണയായി 42 മുതൽ 50 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങളിൽ ഇന്തോനേഷ്യ ഏറെ പിന്നിലാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി വിമാനാപകടങ്ങളാണ് ഇന്തോനേഷ്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
അപകടസ്ഥലത്തെ ഭൂപ്രകൃതിയും കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്നവരുടെ നിലയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. സൈന്യവും ദേശീയ ദുരന്ത നിവാരണ ഏജൻസിയും സംയുക്തമായാണ് നിലവിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A plane carrying 11 passengers disappears from radar in Indonesia; debris found, reports say



