കഴിഞ്ഞയാഴ്ച അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് കൊലപ്പെട്ടവരിൽ സസ്‌കച്ചെവാൻ നിവാസിയും ഉൾപ്പെട്ടതായി ഗുജറാത്തി സമാജ് ഓഫ് സസ്‌കാച്ചെവൻ ഇൻകോർപ്പറേറ്റഡ് (GSSK) സ്ഥിരീകരിച്ചു. റജൈന സ്വദേശി പിയൂഷ് കുമാർ പട്ടേലാണ് മരിച്ചത്. നാട്ടിലുള്ള മാതാപിതാക്കളെ സന്ദർശിക്കാനായിരുന്നു പിയൂഷ് ഇന്ത്യയിലെത്തിയത്. അവിടെ നിന്ന് സുഹൃത്തിനെ സന്ദർശിക്കാനായി ലണ്ടനിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. പിയൂഷിന്റെ ഭാര്യ രുചിത പട്ടേലും രണ്ട് പെൺമക്കളും കാനഡയിലായിരുന്നു. വിവരമറിഞ്ഞ പിയൂഷിന്റെ കുടുംബം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒന്റാറിയോയിലെ മിസിസാഗയിൽ നിന്നുള്ള നിരാലി പട്ടേലും വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
ജൂൺ 12 ന് യുകെയിലെ ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾക്ക് മാത്രമാണ് രക്ഷപ്പെട്ടത്.



