തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് ആവേശം പകർന്ന്, പ്രതിപക്ഷ നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികളുടെ നടപടികൾക്കെതിരെയും രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. അഖിലേന്ത്യാ നേതാവാണെന്ന് പറയപ്പെടുമ്പോഴും ഒരു പ്രാദേശിക നേതാവിനുണ്ടാകേണ്ട കാര്യവിവരം പോലും രാഹുൽ ഗാന്ധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേന്ദ്ര ഏജൻസികൾ തനിക്കെതിരെ നടപടിയെടുക്കാത്തത് ബിജെപി-സിപിഐഎം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന രാഹുലിന്റെ ആരോപണത്തിന്, “കണ്ടാലും കൊണ്ടാലും പഠിക്കാത്ത വ്യക്തിയാണ് രാഹുൽ ഗാന്ധി” എന്ന് മുഖ്യമന്ത്രി മറുപടി നൽകി.
യുഡിഎഫ് ഉന്നയിക്കുന്ന ബിജെപി-സിപിഐഎം ‘ഡീൽ’ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, യഥാർത്ഥത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ധാരണയെന്ന് ആരോപിച്ചു. തൃശൂരിലെ ബിജെപിയുടെ വിജയത്തിന് പിന്നിൽ കോൺഗ്രസ് വോട്ടുകളാണെന്നും തദ്ദേശ സ്ഥാപനങ്ങളിൽ പലയിടത്തും ഇവർ ഒന്നിച്ച് മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫിനെ തകർക്കാൻ ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ പണ്ടേ നിലവിലുണ്ടെന്നും, വരാനിരിക്കുന്ന തോൽവിക്ക് മുൻകൂർ ജാമ്യമെടുക്കുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ മുൻ സിപിഐഎം നേതാവ് ജി. സുധാകരൻ ഉന്നയിച്ച വെളിപ്പെടുത്തലുകളെയും മുഖ്യമന്ത്രി തള്ളി. സുധാകരൻ ഇപ്പോൾ എതിർപാളയത്തിൽ ആയതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ വന്നത് അതീവ ഗൗരവകരമായ വീഴ്ചയാണെന്നും ഇത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യു. പ്രതിഭ എംഎൽഎയ്ക്കെതിരെ ഉണ്ടായ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ‘മനോവൈകൃതം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, പൊതുരംഗത്തെ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം നിലപാടുകൾ കേരളത്തിന് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞു.



