വിന്നിപെഗ്: മാനിറ്റോബയിൽ പിമിസിക്കമാക് ക്രീ നേഷനിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടുത്ത ശൈത്യവും വൈദ്യുതി തടസ്സവും ജനജീവിതം ദുരിതത്തിലാക്കി. ഏകദേശം 4000-ത്തോളം ആളുകളെ ഇതിനോടകം പ്രദേശത്തുനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദിവസങ്ങൾ നീണ്ട വൈദ്യുതി തടസ്സത്തെത്തുടർന്ന് നൂറുകണക്കിന് വീടുകൾക്കും പൊതുസംവിധാനങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്.
കഴിഞ്ഞ ഞായറാഴ്ച നെൽസൺ നദിക്ക് കുറുകെയുള്ള പ്രധാന വൈദ്യുതി ലൈൻ തകർന്നതോടെയാണ് ഏകദേശം 7,000 ജനസംഖ്യയുള്ള ഈ പ്രദേശം ഇരുട്ടിലായത്. മൈനസ് 20 ഡിഗ്രിക്കും താഴെ എത്തിയ കടുത്ത തണുപ്പിൽ വീടുകളിലെ പൈപ്പുകൾ മരവിക്കുകയും, പിന്നീട് വ്യാഴാഴ്ചയോടെ വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ ഇവ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയുമായിരുന്നു. ഏകദേശം 200-ഓളം വീടുകൾ നിലവിൽ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ചീഫ് ഡേവിഡ് മോനിയാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വീടുകൾക്ക് പുറമെ പ്രദേശത്തെ പ്രധാന വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന പ്ലാന്റ് ഏത് നിമിഷവും തകരാവുന്ന നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ കുറഞ്ഞത് 4.4 കോടി ഡോളർ ചെലവ് വരുമെന്നാണ് പ്രാഥമിക നിഗമനം. കമ്മ്യൂണിറ്റിയെ പഴയ നിലയിലേക്ക് എത്തിക്കുന്നതിനുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മോനിയാസ് കൂട്ടിച്ചേർത്തു.
അടിയന്തര സാഹചര്യം നേരിടാൻ മാനിറ്റോബ, സസ്കാച്ചുവൻ, ആൽബർട്ട എന്നിവിടങ്ങളിൽ നിന്നുള്ള പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, എൻജിനീയർമാർ എന്നിവരുടെ സഹായം അധികൃതർ തേടിയിട്ടുണ്ട്. പ്രദേശത്ത് വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ കനേഡിയൻ സായുധ സേനയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകൾക്കുള്ളിലെ പൈപ്പുകൾ പരിശോധിക്കാനും വിള്ളലുകൾ കണ്ടെത്താനും കൂടുതൽ ആളുകളുടെ സേവനം ആവശ്യമാണ്.
നിലവിൽ ഒഴിപ്പിക്കപ്പെട്ടവർ വിന്നിപെഗിലെ ഹോട്ടലുകളിലാണ് കഴിയുന്നത്. അതിശൈത്യം മൂലം വീടുകൾക്കുള്ളിൽ മഞ്ഞ് മൂടിയ അവസ്ഥയായിരുന്നുവെന്നും, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും കുട്ടികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചതെന്നും നാട്ടുകാർ പറയുന്നു. തകരാറിലായ പൈപ്പുകൾ പൂർണ്ണമായും നന്നാക്കി സുരക്ഷിതമായി സ്വന്തം വീടുകളിലേക്ക് എന്ന മടങ്ങാൻ കഴിയുമെന്ന ആശങ്കയിലാണ് ഇവിടുത്തെ താമസക്കാർ.
pimicikamak-cree-nation-power-outage
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



