ഓണപ്പൂക്കളമൊരുക്കാൻ ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമുള്ള മലയാളികൾ പൊതുസ്ഥലങ്ങളിലെ പൂക്കൾ പറിക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. പൂക്കൾ നശിപ്പിച്ചതിന് നിയമനടപടികൾ നേരിടേണ്ടി വരും എന്നതിനാലാണ് ഈ നിർദേശം. ന്യൂസിലാൻഡിലെ ഹാമിൽട്ടൺ ഗാർഡൻസിൽ പൂക്കൾ പറിക്കുന്ന ചിലരുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
ഓണക്കാലമായതോടെ പ്രവാസി മലയാളികൾ പൂക്കളമൊരുക്കാനുള്ള തിരക്കിലാണ്. എന്നാൽ പൂക്കൾക്കായി പൊതുസ്ഥലങ്ങളിലെ പൂന്തോട്ടങ്ങളെയും പൂച്ചെടികളെയും ആശ്രയിക്കുന്നത് ഈ രാജ്യങ്ങളിൽ നിയമവിരുദ്ധമാണ്. പലയിടങ്ങളിലും പൂക്കൾ നശിപ്പിച്ചതിന് പിഴയും മറ്റ് ശിക്ഷകളും ലഭിക്കാൻ സാധ്യതയുണ്ടെന്ന് മലയാളികൾ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ ന്യൂസിലാന്റിലെ ചില മലയാളികൾ പങ്കുവെച്ച വീഡിയോയിൽ, ഓണപ്പൂക്കളം ഉണ്ടാക്കിയതിന് ‘ഓണത്തല്ല്’ കിട്ടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. പൂക്കൾ പറിക്കുന്നത് കണ്ടാൽ അധികൃതർക്കും പൊതുജനങ്ങൾക്കും പോലീസിൽ വിവരമറിയിക്കാൻ സാധിക്കും. ആയതിനാൽ, പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങുകയോ, സ്വന്തം വീട്ടുമുറ്റത്ത് വളർത്തുകയോ ചെയ്യണമെന്നാണ് ഓർമ്മിപ്പിക്കുന്നത്. പൊതു സ്ഥലങ്ങളിലെ പൂന്തോട്ടങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രവാസലോകത്ത് ഇത്തരം വിഷയങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നും ഇത് നമ്മുടെ സമൂഹത്തിന് നാണക്കേടുണ്ടാക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
Malayalis in Australia and New Zealand are being warned against picking flowers from public spaces for Onam Pookkalam



