ഒട്ടാവ: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് കാനഡയിൽ വരുംദിവസങ്ങളിൽ ഇന്ധനവില ഗണ്യമായി കുറഞ്ഞേക്കുമെന്ന് പ്രമുഖ ഇൻഡസ്ട്രി അനലിസ്റ്റ് ഡാൻ മക്‌ടീഗ്. ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ, വരാനിരിക്കുന്ന വാരാന്ത്യത്തോടെ പെട്രോൾ, ഡീസൽ വിലകളിൽ വലിയ കുറവുണ്ടാകുമെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ട്.
വെള്ളിയാഴ്ച മുതൽ പെട്രോൾ ലിറ്ററിന് 12 സെന്റ് മുതൽ 17 സെന്റ് വരെ കുറയാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഡീസൽ വിലയിൽ ലിറ്ററിന് 19 മുതൽ 22 സെന്റ് വരെയാണ് കുറവ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വാഹനം ഉപയോഗിക്കുന്നവർ ടാങ്ക് പൂർണ്ണമായി നിറയ്ക്കാതെ, അത്യാവശ്യത്തിന് മാത്രം ഇന്ധനം അടിച്ച് വെള്ളിയാഴ്ച വരെ കാത്തിരിക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ടാങ്ക് ശേഷി അനുസരിച്ച് ശരാശരി 10 മുതൽ 15 ഡോളർ വരെ ലാഭിക്കാൻ സാധാരണക്കാർക്ക് ഇതിലൂടെ സാധിക്കും.
വിപണിയിൽ അടുത്ത രണ്ടാഴ്ചയെങ്കിലും ഈ ആശ്വാസം തുടരാനാണ് സാധ്യത. ചരക്ക് ഗതാഗത മേഖലയിൽ വലിയ മാറ്റമുണ്ടാക്കുന്ന ഈ വിലക്കുറവ് ട്രെയിനുകൾ, വിമാനങ്ങൾ, ട്രക്കുകൾ എന്നിവയുടെ സർവീസിനും ഗുണകരമാകും. വിപണിയിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Relief for drivers: Petrol and diesel prices likely to drop significantly




